തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. ഇന്നു 11ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയാണ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഇന്നലെ ഉച്ചയ്‌ക്ക് 2 മണിക്ക് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദശ പത്രിക സമര്‍പ്പിച്ചിരുന്നു.ഇന്നലെ രാവിലെ ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാരോഹണത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിരുന്നു. അറുപതുകാരനായ രാജീവ് ചന്ദ്രശേഖർ തൃശൂർ ദേശമംഗലം സ്വദേശിയാണ്.
ടെക്നോക്രാറ്റ് എന്ന നിലയിൽ ആഗോളതലത്തിൽ ശോഭിച്ച് നിൽക്കേ തന്നെ തന്നെ പൊതുരംഗത്തേക്ക് ഇറങ്ങിയ ആളാണ് രാജീവ് ചന്ദ്രശേഖർ. രണ്ട് പതിറ്റാണ്ടായി രാഷ്‌ട്രീയത്തിൽ സജീവമായ അദ്ദേഹം പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്ന വിഷയങ്ങൾ നിരവധിയാണ്. രാജ്യത്തെ പിടിച്ച് കുലുക്കിയ 2ജി സ്പെക്ട്രം അഴിമതി ആദ്യമായി പാർലമെന്റിൽ ഉന്നയിച്ചത് അദ്ദേഹമായിരുന്നു.
രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ഇലക്ട്രോണിക്സ് ആന്റ് ഐടി സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. 2006 മുതൽ 2024 വരെ മൂന്ന് തവണയായി കർണ്ണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ്.
പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി, ധനകാര്യ കൺസൾട്ടേറ്റീവ് കമ്മിറ്റി, എൻസിസി കേന്ദ്ര ഉപദേശക സമിതി , ബെംഗളൂരു അർബൻ ഡിസ്ട്രിക്റ്റ്, ജില്ലാ വികസന ഏകോപന & നിരീക്ഷണ സമിതിയുടെ സഹ-ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ശശി തരൂരിന് ശക്തമായ വെല്ലുവിളി സമ്മാനിച്ച രാജീവ് ചന്ദ്രശേഖർ 16,077 വോട്ടിനാണ് പരാജയപ്പെട്ടത്. കേരളാ രാഷ്‌ട്രീയത്തിലേക്കുള്ള രാജീവ് ചന്ദ്രശേഖറിന്റെ പ്രവേശനമായി തെരഞ്ഞെടുപ്പ് പോരാട്ടം മാറി. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാന അദ്ധ്യക്ഷ പദവിയും.