ഒടിടി,സാറ്റലൈറ്റ് ബിസിനസുകൾ നടക്കുന്നില്ലെന്ന നിർമാതാക്കളുടെ സംഘടനയുടെ വാദത്തിന് മറുപടിയുമായി നടൻ കുഞ്ചാക്കോ ബോബൻ. ആരാണ് അതിന് കാരണക്കാരെന്ന് ചോദിക്കുന്ന ചാക്കോച്ചൻ ഇതേ നിർമാതാക്കളുടെ കാട്ടിക്കൂട്ടലുകൾ അക്കമിട്ട് നിരത്തുന്നുമുണ്ട്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഓരോ കാര്യങ്ങളും തുറന്നുപറഞ്ഞത്.
മൂന്നു കാര്യങ്ങളാണ് ഡിജിറ്റൽ ബിസിനസ് നടക്കാത്തതിന് ചാക്കോച്ചൻ ചൂണ്ടിക്കാട്ടുന്നത്. താരങ്ങളുടെ സാന്നിധ്യം, സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റി, സംവിധാകന്റെയും തിരക്കഥാകൃതൃത്തിന്റെയും ഉൾപ്പടെയുള്ള സാങ്കേതിക പ്രവർത്തകരുടെ മുൻകാല ചിത്രങ്ങളുടെ വിജയശതമാനം.
താരങ്ങളെ ഗസ്റ്റ് റോളിൽ കൊണ്ടുവന്ന ശേഷം നായകന്മാരെന്ന് പറഞ്ഞ് കൂടുതൽ തുക വാങ്ങി ഡിജിറ്റൽ പാർടണർമാരെ മണ്ടന്മാരാക്കിയത് ആരാണ്? 10 കോടിയുടെ പടമെന്ന് പറഞ്ഞ് മൂന്നു കോടിയുടെ ക്വാളിറ്റിയില്ലാത്ത പടം പിടിച്ച് അവരെ പറ്റിച്ചത് ആരാണ്? അതെ നിർമാതാക്കൾ തന്നെയാണ് ഡിജിറ്റിൽ പ്ലാറ്റ്ഫോമുകളുടെ വിശ്വാസ്യത ഇല്ലാതാക്കിയത്. അതുകൊണ്ട് നല്ല ക്വാളിറ്റിയുള്ള പടവുമായി ചെന്നാലും അവരത് എടുക്കില്ല.— ചാക്കോച്ചൻ പറയുന്നു.
അതേസമയം തന്റെ പുതിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ നിർമാതാക്കൾ പുറത്തുവിട്ട കണക്കുകൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 30 കോടി തിയേറ്ററിൽ നിന്ന് മാത്രം നേടി. ഒടിടി, സാറ്റലൈറ്റ്, ഓഡിയോ റൈറ്റ്,ഡബ്ബിംഗ് റൈറ്റ് എന്നിവയുടെ കാര്യങ്ങളും ഇവർ പറയുന്നില്ലല്ലോ എന്നും പറഞ്ഞ ചാക്കോച്ചൻ നിർമാതാവിന് ഏതൊക്കെ രീതിയിൽ വരുമാനം വരുന്നതെന്ന് അറിയാത്തവരാണോ സംഘടനക്കാരെന്നും ചോദിച്ചു.