ന്യൂഡൽഹി: ബിജെപി സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ഡൽഹിയിലെ ആദ്യ ബജറ്റ് ഇന്ന്. മുഖ്യമന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയുമായ രേഖ ഗുപ്ത നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. യമുനനദി ശുചീകരണം, അടിസ്ഥാനസൗകര്യ വികസനം ശക്തിപ്പെടുത്തൽ തുടങ്ങിയ നിരവധി വാഗ്ദനങ്ങൾ സർക്കാർ മുന്നോട്ടുവയ്‌ക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി 27 വർഷത്തിന് ശേഷമാണ് ഡൽഹിയിൽ ബജറ്റ് അവതരിപ്പിക്കുന്നത്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, മലിനീകരണം, നഗരത്തിലെ വെള്ളക്കെട്ട് തുടങ്ങിയവയിൽ ശ്രദ്ധകേന്ദ്രീകരിക്കും.
അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഊന്നൽ നൽകുന്നതായിരിക്കും ഈ വർഷത്തെ ഡൽഹി ബജറ്റ്. ജനങ്ങളുടെ ബജറ്റ് എന്നാണ് മുഖ്യമന്ത്രി രേഖ ഗുപ്ത ഡൽഹി ബജറ്റിനെ വിശേഷിപ്പിച്ചത്. 14 വർഷത്തെ വനവാസത്തിന് ശേഷം ശ്രീരാമൻ അയോദ്ധ്യയിലേക്ക് മടങ്ങിയെത്തിയത് പോലെ 27 വർഷത്തിന് ശേഷമാണ് ബിജെപി തിരിച്ചെത്തിയതെന്ന് രേഖ ഗുപ്ത പറഞ്ഞു.
വികസിത ഡൽഹിക്ക് വേണ്ടിയുള്ള ബജറ്റാണിത്. പ്രധാനമന്ത്രിയുടെ വികസിത ഡൽഹി എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതായിരിക്കും ഈ ബജറ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബജറ്റിനെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായങ്ങൾ സർക്കാർ ശേഖരിച്ചിരുന്നു. ഈമെയിലിലൂടെയും വാട്സ്ആപ്പിലൂടെയും 10,000-ത്തിലധികം നിർദേശങ്ങളാണ് സർക്കാരിന് ലഭിച്ചത്.