പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ ഹൈക്കോടതി അഭിഭാഷകനെ പിടികൂടാതെ പൊലീസ്. കേസിലെ ഒന്നാം പ്രതിയായ ഹൈക്കോടതി അഭിഭാഷകനായ നൗഷാദിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടും പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാതെ ഇരുട്ടിൽ തപ്പുകയാണ് അന്വേഷണ സംഘം. ഒളിവിൽ കഴിയുന്ന പ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ നടക്കുകയാണ്. ശക്തമായ തെളിവുകൾ ഹാജരാക്കിയതിനാലാണ് ജാമ്യഹർജി തള്ളിയതെന്നാണ് പൊലീസിന്റെ വാദം.
കേസിൽ പെൺകുട്ടിയുടെ പിതാവിന്റെ സഹോദരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. എന്നാൽ നൗഷാദിനെ അറസ്റ്റ് ചെയ്യാത്തതിൽ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. നൗഷാദിന്റെ രാഷ്‌ട്രീയ സ്വാധീനമാണ് അയാളെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിന് കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്.
നൗഷാദ് അഭിഭാഷകവൃത്തിക്ക് പോലും കളങ്കമാണെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിമർശനം. 2023-ലായിരുന്നു കേസിനാസ്പദമായ സംഭവം. കോഴഞ്ചേരിയിലെ ബാർ ഹോട്ടലിൽ വച്ചാണ് നൗഷാദ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
നൗഷാദാണ് പെൺകുട്ടിയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് കൈകാര്യം ചെയ്തിരുന്നത്. കുട്ടിയുടെ പിതാവിന്റെ സഹോദരിയാണ് പെൺകുട്ടിയെ അഭിഭാഷകന്റെ അടുത്തെത്തിച്ചത്. ഇതിന് ഇവർ പണം വാങ്ങിയിരുന്നു. നിർബന്ധിച്ച് മദ്യം നൽകിയാണ് പീഡിപ്പിച്ചിരുന്നത്. വിവരം പുറത്തുപറഞ്ഞാൽ പീഡനദൃശ്യങ്ങൾ ഉപയോഗിച്ച് അച്ഛനെയും അമ്മയെയും കള്ളക്കേസിൽ കുടുക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.