പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് ഗായിക നേഹ കാക്കർ. മൂന്ന് മണിക്കൂറോളം വൈകിയാണ് നേഹ പരിപാടിക്കെത്തിയത്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും തനിക്ക് വേണ്ടി ക്ഷമയോടെ കാത്തിരുന്ന പ്രേക്ഷകരെ കണ്ടതോടെയാണ് നേഹ വികാരാധീതയായത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
പാടാൻ വേദിയിൽ കയറിയ നേഹ കാക്കർ ആദ്യം തന്നെ ക്ഷമാപണം നടത്തിയ ശേഷമാണ് പരിപാടി ആരംഭിച്ചത്. ഇതിനിടെയായിരുന്നു നേഹ അറിയാതെ കരഞ്ഞുപോയത്. “നിങ്ങൾ ശരിക്കും സ്വീറ്റാണ്. ക്ഷമയോടെ നിങ്ങൾ എന്നെ കാത്തിരുന്നു. ഞാൻ കാരണം ഒരാൾ കാത്തിരിക്കുക എന്നത് എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. എനിക്ക് വേണ്ടി ഇത്രയും നേരം കാത്തിരിക്കേണ്ടി വന്നതിൽ ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഈ ദിവസം എന്നും ഞാൻ ഓർത്തിരിക്കും. നിങ്ങളെ സന്തോഷിപ്പിക്കാതെ ഞാൻ ഇവിടെ നിന്ന് പോകില്ലെന്നും” നേഹ കാക്കർ പറഞ്ഞു.
നേഹയുടെ വാക്കുകൾ കേട്ടതോടെ പ്രേക്ഷകർ ആർപ്പ് വിളിക്കാൻ തുടങ്ങിയിരുന്നു. കരയരുതെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാനും ആരാധകരിൽ ചിലർ മുന്നിട്ടിറങ്ങി. എന്നാൽ വേദിയുടെ ഒരു ഭാഗത്ത് നിന്ന് ആളുകൾ ദേഷ്യത്തോടെ പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം. മൂന്ന് മണിക്കൂറായി തങ്ങൾ കാത്തിരിക്കുകയാണെന്നും കരച്ചിൽ വെറും അഭിനയമാണെന്നും കാണികൾ പറഞ്ഞു.















