റാഞ്ചി: ഛത്തീഗഡിലെ ദന്തേവാഡയിലുണ്ടയ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ദന്തേവാഡ, ബിജാപൂർ ജില്ലകൾക്കിടയിലുള്ള അതിർത്തിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ വെടിവയ്പ്പുണ്ടായത്. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന ആരംഭിച്ച മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെ വനത്തിനുളളിൽ ഏറ്റുമുട്ടലുണ്ടായി.
മൂന്ന് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ലഭിച്ചതായും കൂടുതൽ പേർക്കായി പ്രദേശത്ത് തെരച്ചിൽ വ്യാപകമാക്കിയെന്നും ദന്തേവാഡ പോലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പേരുവിവരങ്ങൾ ലഭ്യമല്ല. പ്രദേശത്തുനിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച ഛത്തീസ്ഗഡിലെ ബിജാപൂർ, കാങ്കർ ജില്ലകളിൽ നടന്ന ഏറ്റുമുട്ടലുകളിൽ 24 ലധികം മാവോയിസ്റ്റുകലെ വധിക്കുകയും ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ വർഷം രാജ്യത്തുടനീളം 113 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായും 104 പേരെ അറസ്റ്റ് ചെയ്തതായും കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 164 പേർ കീഴടങ്ങി. ഛത്തീസ്ഗഢിലെ ബസ്തർ ഡിവിഷനിലെ ബസ്തർ, ദന്തേവാഡ, ബിജാപൂർ, കാങ്കർ, നാരായൺപൂർ, കൊണ്ടഗാവ്, സുക്മ എന്നിവയാണ് മാവോയിസ്റ്റ് കലാപത്തിന്റെ പ്രഭവകേന്ദ്രങ്ങൾ.















