തന്റെ സിനിമകളും യാത്രകളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. യാത്രകളിൽ നിന്നാണ് തന്റെ കഥയും കഥാപാത്രങ്ങളും പിറക്കുന്നതെന്ന് അഭിലാഷ് പിള്ള ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഹരിദ്വാർ യാത്രക്കിടെ പകർത്തിയ ചിത്രം പങ്കുവച്ചുകൊണ്ടാണ് അഭിലാഷ് പിള്ളയുടെ കുറിപ്പ്.
“ജീവിതം എന്താണെന്ന് എനിക്ക് തിരിച്ചറിവ് തന്ന യാത്രകളിലൊന്നാണ് ഹരിദ്വാർ യാത്ര. പലപ്പോഴും എനിക്ക് കഥയും കഥാപാത്രങ്ങളും കിട്ടുന്നത് ഇത് പോലെയുള്ള യാത്രകളിൽ നിന്നാണ്. ഈ യാത്രകളിലൂടെ പച്ചയായ ജീവിതമെന്താണെന്ന് നേരിട്ട് അനുഭവിച്ചറിയാൻ കഴിയും. അടുത്ത യാത്രയ്‌ക്കുള്ള സമയമാകുന്നു”- എന്നാണ് അഭിലാഷ് പിള്ള കുറിച്ചത്.
അഭിലാഷ് പിള്ള തിരക്കഥ രചിച്ച സുമതി വളവ് എന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്. മെയ് എട്ടിനാണ് സിനിമ തിയേറ്ററുകളിലെത്തുക. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം 90 ദിവസത്തിന് ശേഷമാണ് പായ്‌ക്കപ്പായത്. മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു ശശിശങ്കറും അഭിലാഷ് പിള്ളയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സുമതി വളവ്. അർജുൻ അശോകനാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുക.