ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി ഡൽഹി കാപിറ്റൽസ്. അവസാന ഓവർ വരെ ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ മത്സരത്തിൽ അശുതോഷ് ശർമയുടെ ഒറ്റയാൾ പോരാട്ടമാണ് ഡൽഹിക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്. ലഖ്‌നൗവിന്റെ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയെ അവസാന ഓവറിൽ 3 പന്തുകൾ ശേഷിക്കെ അശുതോഷ് വിജയതീരത്തെത്തിച്ചു.
ഐപിഎല്ലിൽ ഒരു ടീം ഒരു മത്സരം ഒരു വിക്കറ്റിന് ജയിക്കുന്നത് ഇത് അഞ്ചാം തവണ മാത്രമാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 65/5 എന്നനിലയിൽ തകർച്ചയുടെ വക്കിലായിരുന്നു . പിന്നാലെ ട്രിസ്റ്റൻ സ്റ്റബ്‌സിനെയും നഷ്ടമായതോടെ അത് 6 വിക്കറ്റിന് 113 ആയി. 13 ഓവറുകൾ അവസാനിക്കുമ്പോൾ ഡി.സി.ക്ക് വിജയ പ്രതീക്ഷയേ ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ചേർന്ന വിപ്രജ്-അശുതോഷ് കൂട്ടുകെട്ടാണ് കളിയുടെ ഗതി മാറ്റിമറിച്ചത്.
ഇരുവരും ചേര്‍ന്ന് 55 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. വിപ്രജ് നിഗം തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ 15 പന്തിൽ 39 റൺസ് നേടി. അശുതോഷ് ശർമ്മ 31 പന്തിൽ പുറത്താകാതെ 66 റൺസും നേടി.17-ാം ഓവറിന്റെ ആദ്യ പന്തിൽ 7-ാം വിക്കറ്റ് വീണു. വിപ്‍രാജ് നിഗം മടങ്ങിയതോടെ ലഖ്നൗ ആശ്വസിച്ചു. തൊട്ടടുത്ത ഓവറിൽ മിച്ചൽ സ്റ്റാര്‍ക്കും പുറത്തായതോടെ ഡൽഹിയുടെ മുഴുവൻ പ്രതീക്ഷകളും അശുതോഷിലായി. പഞ്ചാബിൽ നിന്ന് ഡൽഹിയിലെത്തിയ താരം അവസാന ഓവർ വരെ പ്രതീക്ഷ കാത്തു. ഒടുവിൽ 4 പന്തിൽ 5 റൺസ് വേണമെന്നിരിക്കെ മൂന്നാം പന്ത് കൂറ്റൻ സിക്സർ പായിച്ച് അശുതോഷ് വിജയം ആഘോഷിച്ചു.