അഭിമുഖത്തിൽ അവതാരകനെ ട്രോളി മോഹൻലാൽ. അവതാരകന്റെ ചോദ്യങ്ങൾക്ക് മോഹൻലാൽ പറഞ്ഞ ഏറെ രസകരമായ മറുപടികളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നത്. 27-ന് റിലീസ് ചെയ്യുന്ന എമ്പുരാന്റെ പ്രമോഷന്റെ ഭാഗമായി മോഹൻലാൽ തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജും മോഹൻലാലിന് ഒപ്പമുണ്ട്.
എമ്പുരാനിൽ ഷാരൂഖ് ഖാൻ അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഏവരെയും ചിരിപ്പിക്കുന്ന കിടിലം മറുപടിയാണ് മോഹൻലാൽ നൽകിയത്. “പാവം അദ്ദേഹം ഒരു സീനിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, അത് കട്ട് ചെയ്തുകളഞ്ഞു. ഡിലീറ്റഡ് സീനുകളിൽ അത് പുറത്തുവിടുന്നതായിരുന്നു” – എന്നായിരുന്നു മറുപടി. ഇത് കേട്ടതും അവതാരകനും പൃഥ്വിരാജും പൊട്ടിച്ചിരിച്ചു.
ചോദ്യോത്തര സെക്ഷനിലെ രസകരമായ പ്രതികരണവും സോഷ്യൽമീഡിയയിൽ തരംഗമാവുകയാണ്. 20 ലക്ഷത്തിലധികം ആളുകളാണ് അഭിമുഖം കണ്ടത്. തമിഴ് നടിമാരെയാണോ നടന്മാരെയാണോ ഇഷ്ടം എന്ന ചോദ്യത്തിന് ‘നടിമാരെയാണ് ഇഷ്ടം’ എന്നായിരുന്നു മറുപടി. ഇതോടെ ‘തലൈവർ വെറെ മാതിരി’യെന്ന് പെട്ടിച്ചിരിച്ചുകൊണ്ട് അവതാരകൻ പറഞ്ഞു.
“എല്ലാവരും നന്നായി അഭിനയിക്കുന്നവരാണ്. കലാകാരന്മാരാണ്, അതിൽ സ്ത്രീ, പുരുഷ വ്യത്യാസങ്ങളില്ല. എല്ലാവരും തന്റെ അടുത്ത സുഹൃത്തുക്കളാണ്. ഒരാളെ മാത്രം അതിൽ നിന്ന് തെരഞ്ഞെടുക്കാനാകില്ലെന്നും” മോഹൻലാൽ പറഞ്ഞു. എന്താണ് ഹോബി എന്ന ചോദ്യത്തിന് ഇതുപോലെയുള്ള അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതാണ് എന്നതായിരുന്നു മോഹൻലാലിന്റെ മറുപടി.