ന്യൂഡൽഹി: രാജ്യത്ത് അനധികൃതമായി മരം മുറിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന വ്യക്തികളോട് ഒരു തരത്തിലുള്ള ദയയും പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഉത്തർപ്രദേശിലെ താജ് ട്രപ്പീസിയം സോണിൽ അനധികൃതമായി മുറിച്ച കേസുമായി ബന്ധപ്പെട്ട് വാദം കേൾക്കവെയാണ് സുപ്രീംകോടതിയുടെ വിമർശനം. ഓരോ മരത്തിനും ഒരു ലക്ഷം രൂപ പിഴ ഈടാക്കിയത് ശരിവച്ചു.
മരങ്ങൾ കൂട്ടത്തോടെ മുറിച്ച് മാറ്റുന്നത് മനുഷ്യനെ കൊല്ലുന്നതിനേക്കാളും ക്രൂരമാണെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ അഭയ് എസ്, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. മരങ്ങൾ മുറിച്ചുമാറ്റുമ്പോൾ നഷ്ടപ്പെടുന്ന സ്വാഭാവിക പച്ചപ്പ് തിരികെ കിട്ടാൻ നൂറ്റാണ്ടുകൾ എടുക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
സംരക്ഷിത പ്രദേശമായ താജ് ട്രപ്പീസിയം സോണിൽ നിന്ന് സർക്കാരിന്റെ അനുമതിയില്ലാതെ 454 മരങ്ങളാണ് അനധികൃതമായി മുറിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ശിവശങ്കർ അഗർവാൾ എന്ന വ്യക്തി സംരക്ഷിത മേഖലയിൽ അതിക്രമിച്ച് കയറി മരങ്ങൾ മുറിച്ചുമാറ്റിയത്. മുറിച്ചതിൽ 422 എണ്ണം ഡാൽമിയ ഫാമിലേതും ബാക്കിയുള്ളത് റോഡരികിൽ നിന്നവയുമാണ്. ഇയാൾക്കെതിരെ സുപ്രീം കോടതി പിഴയിട്ടിരുന്നു. പിഴത്തുക കുറയ്‌ക്കണമെന്ന് ശിവശങ്കർ ആവശ്യപ്പെട്ടെങ്കിലും കോടതി വിസമ്മതിക്കുകയായിരുന്നു.















