ന്യൂഡൽഹി: ബലാത്സംഗ കേസിൽ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ വിധിക്ക് സുപ്രീം കോടതി ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചു.
2021-ൽ 11 വയസ്സുള്ള ഒരു പെൺകുട്ടിയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് രണ്ട് യുവാക്കൾ വശീകരിച്ചു കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് എടുത്ത കേസിലാണ് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞത്.
വിധിന്യായത്തിൽ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നും അവർ പെൺകുട്ടിയുടെ വസ്ത്രങ്ങൾ വലിച്ചുകീറാനും പരിക്കേൽപ്പിക്കാനും ശ്രമിച്ചു എന്നും ഇതിനെ ബലാത്സംഗ ശ്രമമായി കാണാൻ കഴിയില്ലെന്നും പരാമർശിച്ചിരുന്നു. മാറിടം സ്പർശിക്കുന്നതും പൈജാമ ചരടിൽ വലിക്കുന്നതും ബലാത്സംഗ ശ്രമമായി കണക്കാക്കാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്ര കീഴ്‌ക്കോടതിയുടെ ഉത്തരവ് റദ്ദാക്കി. ഈ വിധിക്ക് രാഷ്‌ട്രീയ പാർട്ടി നേതാക്കൾ, വനിതാ സംഘടനകൾ എന്നിവരുൾപ്പെടെ വിവിധ കോണുകളിൽ നിന്ന് കടുത്ത വിമർശനമാണ് ഉണ്ടായത്.
ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്രയുടെ വിധിക്ക് ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതി ജഡ്ജിയെ സുപ്രീം കോടതി കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു.















