മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം എമ്പുരാൻ തിയേറ്ററിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം. മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ നാളെയാണ് തിയേറ്ററുകളിലെത്തുന്നത്. എമ്പുരാന്റെ വിജയത്തിന് ആശംസകൾ അറിയിക്കുകയാണ് മമ്മൂട്ടി. എമ്പുരാൻ ചരിത്രവിജയമായി മാറട്ടെയെന്ന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
മലയാള സിനിമാ മേഖലയുടെ എല്ലാ അതിർവരമ്പുകളും കടക്കുന്ന എമ്പുരാൻ മലയാള സിനിമ വ്യവസായത്തിന് അഭിമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. എമ്പുരാന്റെ എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. പ്രിയപ്പെട്ട ലാലിനും പൃഥ്വിക്കും ആശംസകളെന്ന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
മലയാള സിനിമയിലെ നിരവധി താരങ്ങൾ എമ്പുരാന് ആശംസകളറിയിച്ചു. അഡ്വാൻസ് ബുക്കിംഗിലൂടെ 50 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് മാർച്ച് 21-നാണ് ആരംഭിച്ചത്. നിമിഷനേരം കൊണ്ടാണ് ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായത്. പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്.
ലൂസിഫർ പറഞ്ഞുവച്ച അബ്രാം ഖുറേഷിയെ കുറിച്ച് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. മഞ്ജു വാര്യർ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്, പൃഥ്വിരാജ് എന്നിവരും എമ്പുരാനിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഇവരെ കൂടാതെ ബോളിവുഡ്, ഹോളിവുഡ് സിനിമകളിലെ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.