കമ്യൂണിസ്റ്റുകാർ ഒരു നൂറ്റാണ്ട് പുറകിലെന്ന് പരിഹസിച്ച് കോൺഗ്രസ് എം പി ശശി തരൂർ. കമ്യൂണിസ്റ്റുകാർ ഒരു ദിവസം 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും എന്നാൽ അത് സംഭവിക്കുക 22-ാം നൂറ്റാണ്ടിലായിരിക്കുമെന്നും ശശി തരൂർ പറഞ്ഞു. എക്സിലൂടെയാണ് ശശി തരൂരിന്റെ പരിഹാസം.
സ്വകാര്യ സർവകലാശാലകളെ എതിർത്തിരുന്ന എൽഡിഎഫ്, അധികാരത്തിൽ എത്തിയപ്പോൾ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്ന ബിൽ പാസാക്കിയ നടപടി ചോദ്യം ചെയ്തായിരുന്നു വിമർശനം.
“കേരളത്തിൽ അങ്ങനെ എൽഡിഎഫ് ശരിയായ കാര്യം ചെയ്തിരിക്കുകയാണ്. സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുറക്കാൻ അനുവദിച്ചു. പതിവ് പോലെ ഈ തീരുമാനം 15 മുതൽ 20 വർഷം വരെ വൈകിയാണ് വന്നിരിക്കുന്നത്. അവർ 19-ാം നൂറ്റാണ്ടിന്റെ പ്രത്യാശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നു”.
“ഇന്ത്യയിൽ ആദ്യമായി കമ്പ്യൂട്ടറുകൾ വന്നപ്പോൾ കമ്യൂണിസ്റ്റ് ഗുണ്ടകൾ പൊതുമേഖല ഓഫീസുകൾ കയറി തകർത്തെന്ന കാര്യം മറക്കരുത്. രാജ്യത്ത് മൊബൈൽ ഫോണുകൾ അവതരിപ്പിക്കുന്നതിനെ എതിർത്ത ഒരേയൊരു പാർട്ടി കമ്യൂണിസ്റ്റാണ്. അവർ ഒരു ദിവസം 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് ഉറപ്പുണ്ട്. പക്ഷേ അത് സംഭവിക്കാൻ പോകുന്നത് 22-ാം നൂറ്റാണ്ടിലാകും”- ശശി തരൂർ കുറിച്ചു.