വില്ലേജ് ഓഫീസിൽ കയറി വെട്ടും; നികുതി അടക്കാൻ പറഞ്ഞ ഉദ്യോഗസ്ഥന് CPM ഏരിയ സെക്രട്ടറിയുടെ വധഭീഷണി; ഫോൺ സംഭാഷണം പുറത്ത്

Published by
ജനം വെബ്‌ഡെസ്ക്

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി സഞ്ജു നാരങ്ങാനം വില്ലേജ് ഓഫീസർക്ക് നേരെ വധഭീഷണി മുഴക്കുന്ന ശബ്ദരേഖ പുറത്ത്. 2022 മുതൽ കെട്ടിടനികുതി കുടിശിക ഉള്ളത് ചൂണ്ടികാട്ടി വില്ലേജ് ഓഫീസർ ജോസഫ്, എം.വി സഞ്ജുവിനെ ഫോണിൽ ബന്ധപ്പെട്ടപ്പോഴായിരുന്നു ഭീഷണി.

2022 മുതൽ 2025 വരെ കുടിശിക അടയ്‌ക്കാമെന്ന് പറയുന്നുണ്ടെങ്കിലും തുക അടച്ചിട്ടില്ലെന്നും ഡെപ്യൂട്ടി കളക്ടറോടും കളക്ടറോടും മറുപടി പറയേണ്ടത് തങ്ങളാണെന്നും നിങ്ങളൊക്കെ വലിയ ആളുകളാണെന്നും വില്ലേജ് ഓഫീസർ ഏരിയ സെക്രട്ടറിഎം.വി സഞ്ജുവിനോട് പറയുന്നുണ്ട്. സാഹചര്യമുണ്ടെങ്കിൽ നാളെ ഉച്ചയ്‌ക്ക് മുമ്പ് കെട്ടിടനികുതി അടയ്‌ക്കണമെന്നും വില്ലേജ് ഓഫീസർ നിർദേശം നൽകുന്നു.

സംഭാഷണം പിന്നീട് പെട്ടെന്ന് പ്രകോപനപരമാകുകയായിരുന്നു. വില്ലേജ് ഓഫീസർ ഏത് നാട്ടുകാരനാണെന്ന് ഏരിയസെക്രട്ടറി ചോദിച്ചപ്പോൾ ഞാൻ ഈ കേരളത്തിൽ തന്നെയുള്ള ആളാണെന്നായിരുന്നു മറുപടി ലഭിച്ചത്. ഇനിയിത് നീട്ടിക്കൊണ്ടുപോകാൻ സാധിക്കില്ല, നികുതി അടയ്‌ക്കണമെന്നും വില്ലേജ് ഓഫീസർ കർശനമായി പറഞ്ഞു. അടച്ചില്ലെങ്കിലോ എന്ന സഞ്ജുവിന്റെ ചോദ്യത്തിന് നടപടി സ്വീകരിക്കുമെന്നു ഓഫീസർ പറഞ്ഞതോടെ ഇയാൾ അസഭ്യവാക്കുകൾ ഉപയോഗിക്കുകയും വില്ലേജ് ഓഫീസിൽ കയറി വെട്ടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് വില്ലേജ് ഓഫീസർ തന്നെ റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണത്തിന്റെ ഭാ​ഗികമായ ഭാ​ഗം മാത്രമാണ്. എന്നാൽ പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി സഞ്ജു ഈ ശബ്ദരേഖ നിഷേധിച്ചിട്ടില്ല. വില്ലേജ് ഓഫീസറാണ് പ്രകോപനപരമായി സംസാരിച്ചതെന്നാണ് അയാൾ മാദ്ധ്യമങ്ങളിൽ അവകാശപ്പെടുന്നത്.

Share