എമ്പുരാൻ കാണാൻ തിയേറ്ററുകൾ കീഴടക്കി മലയാളി പ്രേക്ഷകർ. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രത്തിന്റെ ആദ്യ ഷോ ആറ് മണിക്ക് ആരംഭിച്ചു. മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ചിത്രത്തിനായി ആവേശത്തിലാണ് മോഹൻലാൽ ആരാധകർ. ചേണ്ട മേളത്തോടെ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിയ ലാലേട്ടൻ ഫാൻസ് പടക്കം പൊട്ടിച്ചും ആർപ്പ് വിളിച്ചും എമ്പുരാനെ വരവേറ്റു.
എമ്പുരാന്റെ ആദ്യ ഷോ കാണാൻ നിരവധി പേരാണ് തിയേറ്ററുകളിലെത്തിയത്. ആരാധകർക്കൊപ്പം സിനിമ കാണാൻ മോഹൻലാലും എത്തി. കൊച്ചിയിലെ കവിത തിയേറ്ററിലാണ് പൃഥ്വിരാജിനും മറ്റ് എല്ലാ അണിയറപ്രവർത്തകർക്ക് ഒപ്പവും മോഹൻലാൽ എത്തിയത്. താരങ്ങളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്, നിർമാതാവ് ആന്റണി പെരുമ്പാവൂർ, സുചിത്ര മോഹൻലാൽ, മകൻ പ്രണവ് എന്നിവരും ആദ്യ ഷോ കാണാൻ എത്തിയിരുന്നു.
കൊച്ചിയിലെ എല്ലാ തിയേറ്ററുകളിലും പൊലീസ് സുരക്ഷയിലാണ്. ജനത്തിരക്കിന് വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ തിയേറ്ററുകളിൽ വിന്യസിച്ചിരിക്കുകയാണ്. ആരാധകർക്കിടയിലൂടെ നടന്നുനീങ്ങുന്ന മോഹൻലാലിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആകാംക്ഷകളുമായി അബ്രാം ഖുറേഷിയുടെ പകർന്നാട്ടം കാണാൻ കാത്തിരുന്ന പ്രേക്ഷകരെ എമ്പുരാൻ തെല്ലും നിരാശപ്പെടുത്തില്ലെന്നാണ് പ്രതീക്ഷ. തിയേറ്ററുകൾക്ക് മുന്നിൽ മോഹൻലാലിന്റെ ഫ്ലക്സുകൾ സ്ഥാപിച്ചു. ഖുറേഷിയുടെ രണ്ടാം വരവിനെ ഉത്സവം പോലെ ചേണ്ടമേളങ്ങളോടെ ആഘോഷിക്കുകയാണ് ആരാധകർ.















