ന്യൂഡൽഹി: സൈന്യത്തിനായി 156 ഹെലികോപ്റ്ററുകൾ വാങ്ങാൻ അനുമതി നൽകാനൊരുങ്ങി കേന്ദ്ര മന്ത്രിസഭ. കരസേനയ്‌ക്കും വ്യോമസേനയ്‌ക്കുമാണ് ഹെലികോപ്റ്ററുകൾ വാങ്ങാൻ അനുമതി നൽകുക. എയറോനോട്ടിക്സ് ലിമിറ്റഡിൽ നിന്നാണ് ഹെലികോപ്റ്ററുകൾ വാങ്ങുന്നത്. ഡ്രോണുകൾ ആക്രമിക്കാനും മിസൈലുകൾ വഹിക്കാനും ശേഷിയുള്ള ഹെലികോപ്റ്ററുകളാണ് വാങ്ങുന്നത്.
45,000 കോടി ചെലവഴിച്ച് 156 ഹെലികോപ്റ്ററുകൾ വാങ്ങും. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ നിന്ന് കഴിഞ്ഞ വർഷം ജൂണിൽ ടെൻഡർ ലഭിച്ചിരുന്നു. ഇന്ത്യയിൽ വികസിപ്പിച്ച, 5,000 മീറ്റർ ഉയരത്തിൽ ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും ശേഷിയുള്ള ലോകത്തിലെ ഏക അറ്റോക് ഹെലികോപ്റ്ററായ പ്രചന്ദാണ് സേനകൾക്കായി വാങ്ങാൻ പദ്ധതിയിടുന്നത്.
ആക്രമണത്തിന് സാധ്യതയുള്ള ചൈന, പാകിസ്താൻ അതിർത്തികളിലെ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഹെലികോപ്റ്ററുകൾ വാങ്ങുന്നത്. അടിയന്തര ആവശ്യങ്ങൾക്ക് ഇവ സഹായകമാകും. വാങ്ങുന്ന 156 ഹെലികോപ്റ്ററുകളിൽ 96 എണ്ണം കരസേനയ്‌ക്കും 66 എണ്ണം വ്യോമസേനയ്‌ക്കുമാണ്.
സിയാച്ചിൻ, കിഴക്കൻ ലഡാക്ക് തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ ഇവ വിന്യസിക്കാൻ കഴിയും. ഇത് രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇന്ത്യൻ സേനയെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇത് വ്യോമസേനയ്‌ക്ക് സുപ്രധാന ചുവടുവയ്പ്പ് ആയിരിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.















