മലപ്പുറം: MDMA വാങ്ങാൻ പണം നൽകാത്തതിൽ പ്രകോപിതനായ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. ഇയാളെ നാട്ടുകാർ ചേർന്ന് പിടികൂടി കൈകാലുകൾ ബന്ധിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. മലപ്പുറം താനൂരിലാണ് സംഭവമുണ്ടായത്. താനൂർ പൊലീസ് യുവാവിനെ ഡി-അഡിക്ഷൻ കേന്ദ്രത്തിലേക്ക് മാറ്റി.
കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തിയിരുന്ന യുവാവ് അടുത്തിടെയാണ് മയക്കുമരുന്നിന് അടിമയായത്. രാസലഹരി ഉപയോഗിക്കാൻ തുടങ്ങിയതോടെ ഇയാൾ അക്രമാസക്തനായിരുന്നു. വീട്ടിൽ ബഹളമുണ്ടാക്കുക, വഴക്കുണ്ടാക്കുക എന്നിവയെല്ലാം പതിവായി. രക്ഷിതാക്കളെ മർദ്ദിക്കാനും തുടങ്ങി. ജോലിക്ക് പോകാതായതോടെ ലഹരിമരുന്ന് വാങ്ങാനുള്ള പണം ചോദിച്ച് രക്ഷിതാക്കളെ പ്രയാസപ്പെടുത്താൻ തുടങ്ങി.
കഴിഞ്ഞ ദിവസം രാത്രി സമാനമായ സാഹചര്യം വീണ്ടും ഉണ്ടാവുകയായിരുന്നു. എംഡിഎംഎ വാങ്ങാൻ പണം ആവശ്യപ്പെട്ട് അമ്മയെ മർദ്ദിക്കാൻ തുടങ്ങി. അമ്മ നിലവിളിച്ച് വീടിന് പുറത്തേക്ക് ഓടിയതോടെ ബഹളം കേട്ട് നാട്ടുകാർ എത്തുകയും യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് കോഴിക്കോട് ഡി-അഡിക്ഷൻ സെന്ററിലേക്ക് യുവാവിനെ മാറ്റി.















