കൊല്ലം: കൊല്ലം ഓച്ചിറ വവ്വാക്കാവിൽ യുവാവിനെ വെട്ടിക്കാലപ്പെടുത്താൻ ശ്രമം. കരുനാഗപ്പളളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഘമാണ് ഓച്ചിറ വവ്വാക്കാവിൽ അനീറിനെ കൂടി കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കറ്റ യുവാവിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. അനീർ സുഹൃത്തിനോടൊപ്പം നടന്നുപോകുന്നതിനിടയിൽ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
ഓച്ചിറ വവ്വാകാവിൽ തട്ടുകടയുടെ മുന്നിലായിരുന്നു വധശ്രമം. അനീറിന്റെ കൈയ്‌ക്കും കാലിനുമാണ് വെട്ടേറ്റത്. കരുനാഗപ്പള്ളിയിലെ കൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് സ്ഥലങ്ങളിലും പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പൊലീസ് പറയുന്നത്. പുലർച്ചെ രണ്ടു മണിക്കും മൂന്നു മണിക്കുമാണ് രണ്ടു സംഭവങ്ങളും നടന്നത്.
അതെ സമയം കരുനാഗപ്പള്ളി കൊലപാതകത്തിൽ മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമിച്ചതെന്ന് കൊല്ലപ്പെട്ട സന്തോഷിന്റെ അമ്മ ഓമന മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ബോംബ് എറിഞ്ഞ ശേഷമായിരുന്നു ആക്രമണം. നേരത്തെയും സന്തോഷിനെ വീട്ടിൽ കയറി ആക്രമിച്ചിട്ടുണ്ട് എന്നും ആക്രമികൾ ആരാണെന്ന് കണ്ടില്ല എന്നും അവർ പറഞ്ഞു. മകനെ കൊല്ലരുതേ എന്ന് നിലവിളിച്ചിട്ടും അക്രമികൾ പിന്മാറിയില്ലെന്നും
ആക്രമണത്തിനു ശേഷവും ബോംബ് എറിഞ്ഞു എന്നും ഓമന പറയുന്നു.
അതിനിടെ കരുനാഗപ്പള്ളി കൊലപാതകം എഫ്ഐആർ വിവരങ്ങൾ പുറത്തു വന്നു. എഫ് ഐ ആർ പ്രകാരം കൊലയാളി സംഘത്തിൽ നാലുപേർ ആണ് ഉണ്ടായിരുന്നത്. കൊലയ്‌ക്ക് കാരണം മുൻ വൈരാഗ്യം എന്നും എഫ്ഐആർ പറയുന്നു.
കൊലയാളി സംഘം ആദ്യം മൺവെട്ടി ഉപയോഗിച്ച് സന്തോഷിന്റെ മുറിയുടെ വാതിൽ തകർത്തു. പിന്നീട് വാളും കമ്പിപ്പാരയും ഉപയോഗിച്ച് ആക്രമണം നടത്തി. സന്തോഷിന്റെ ഇടത് തോളിലും, ഇടത് കാലിലും ഗുരുതര പരിക്ക് ഉണ്ട്.