ശബരിമലയിൽ മമ്മൂട്ടിക്ക് വേണ്ടി മോഹൻലാൽ പൂജ നടത്തിയതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് ബോളിവുഡ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. ഇടുങ്ങിയ ചിന്താഗതിയുള്ളവർക്ക് അവരുടെ മഹത്തായ സൗഹൃദം മനസിലാക്കാൻ സാധിക്കില്ലെന്ന് ജാവേദ് അക്തർ എക്സിൽ കുറിച്ചു. വഴിപാട് നടത്തിയ വാർത്ത വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇതിനെ വിമർശിച്ചും ആളുകൾ എത്തി. വഴിപാട് നടത്തിയത് മതത്തിന് എതിരാണെന്നായിരുന്നു വിമർശനം. ഇതിനിടെയാണ് പിന്തുണയുമായി പ്രമുഖർ എത്തുന്നത്.
“എല്ലാ മമ്മൂട്ടിമാർക്കും മോഹൻലാലിനെ പോലെയൊരു സുഹൃത്തും എല്ലാ മോഹൻലാലിനും മമ്മൂട്ടിയെ പോലൊരു സുഹൃത്തും ഉണ്ടായിരുന്നെങ്കിൽ എന്ന് മനസുകൊണ്ട് ഞാൻ ഏറെ ആഗ്രഹിക്കുന്നു. ഇടുങ്ങിയ മനസുള്ളവർക്ക് അവരുടെ മഹത്തായ സൗഹൃദം മനസിലാക്കാൻ സാധിക്കില്ല എന്നത് സ്വാഭാവികമാണ്”- ജാവേദ് അക്തർ എക്സിൽ കുറിച്ചു.
ശബരിമല ദർശനത്തിനെത്തിയ മോഹൻലാൽ തന്റെ ഇച്ചാക്കക്ക് വേണ്ടി ഉഷപൂജ നടത്തിയത് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വാർത്തയായിരുന്നു. മമ്മൂട്ടിക്ക് വേണ്ടി വഴിപാട് കഴിപ്പിച്ച രസീതിന്റെ ചിത്രം പുറത്തുവന്നതോടെയാണ് വാർത്ത പ്രചരിച്ചത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം ഉഷപൂജ എന്നായിരുന്നു രസീതിൽ ഉണ്ടായിരുന്നത്. പമ്പയിൽ നിന്ന് ഇരുമുടികെട്ട് നിറച്ചാണ് മോഹൻലാൽ സന്നിധാനത്ത് എത്തിയത്.