മലപ്പുറം: വളാഞ്ചേരിയിൽ ലഹരി സംഘത്തിലൂള്ള ഒൻപത് പേർക്ക് എച്ച്ഐവി അണുബാധ സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേർ ഇതരസംസ്ഥാന തൊഴിലാളികളും ആറു പേർ മലയാളികളുമാണ്. ലഹരി ഉപയോഗിക്കാൻ ഒരേ സിറിഞ്ച് ഉപയോഗിച്ചതാണ് അണുബാധയ്ക്ക് കാരണമായതെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ വിവരം.
കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലൂടെയാണ് അണുബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ജനുവരിയിൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രദേശത്ത് പരിശോധനയും സർവ്വേയും നടത്തിയിരുന്നു. ലൈംഗിക തൊഴിലാളികൾ, ലഹരി ഉപയോഗിക്കുന്നവർ എന്നിവരുടെ ഇടയിലാണ് പ്രധാനമായും പരിശോധന നടത്തിയത്. ഇതിലൂടെയാണ് സംഭവം പുറത്ത് വന്നത്. ആദ്യം ഒരാൾക്കാണ് അണുബാധ സ്ഥിരീകരിച്ചത്. പിന്നാലെ ഇയാളുടെ സംഘാംഗങ്ങളെയും എച്ച്ഐവി പരിശോധനയ്‌ക്ക് വിധേയമാക്കുകയായിരുന്നു.
ഇവരുടെ കുടുംബങ്ങളെ കേന്ദ്രീകരിച്ചും ആരോഗ്യവകുപ്പ് പരിശോധയും സ്ക്രീനിങ്ങും ആരംഭിച്ചു. സംസ്ഥാനത്തിന്റെ ആരോഗ്യ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കൂടുതൽ പേർക്ക് ഒന്നിച്ച് എച്ച്ഐവി അണുബാധ സ്ഥിരീകരിക്കുന്നത്. കൂടുതൽ പേർക്ക് രോഗമുണ്ടോ എന്ന സംശയവും ആരോഗ്യവകുപ്പിനുണ്ട്. കണക്കു പ്രകാരം സംസ്ഥാനത്ത് മാസത്തിൽ ഏകദേശം പത്ത് പേർക്കാണ് അണുബാധ സ്ഥിരീകരിക്കുന്നത്. അത്തരം ഒരു സാഹചര്യത്തിൽ അതീവ ഗുരുതരമാണ് നിലവിലെ കണ്ടെത്തൽ.















