പർപ്പിൾ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നല്ലതാണെന്ന് നിങ്ങൾ കേട്ടിരിക്കാം. എന്താണ് പർപ്പിൾ നിറത്തിന് പ്രത്യേകത? ഏതൊക്കെയാണ് ഇക്കൂട്ടത്തിൽ ഉൾപ്പെടുന്ന പഴങ്ങളും പച്ചക്കറികളും? ഇവ കഴിച്ചാൽ ശരീരത്തിന് എന്തുതരം മാറ്റമാണ് സംഭവിക്കുക? അറിയാം..
പർപ്പിൾ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റാൽ സമ്പന്നമാണ്. എരിച്ചിലിനെ (Inflammation) പ്രതിരോധിക്കാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. സസ്യങ്ങളിൽ കാണുന്ന സംയുക്തമായ പോളിഫിനോൽസ് ധാരാളം അടങ്ങിയിട്ടുണ്ടെന്നതും ശരീരത്തിന് മെച്ചപ്പെട്ട ആരോഗ്യം പ്രദാനം ചെയ്യാൻ സഹായിക്കുന്നു. അതിനാൽ പർപ്പിൾ നിറമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവർക്ക് സുന്ദരമായ ചർമ്മം ലഭിക്കുമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. ദിവസവും ഏതെങ്കിലുമൊരു പർപ്പിൾ ഫ്രൂട്ട്/വെജിറ്റബിൾ കഴിക്കാം. ഇത് ഒരാഴ്ച തുടർച്ചയായി ചെയ്താൽ തന്നെ അതിവേഗം മാറ്റമറിയാമെന്നും ആരോഗ്യവിദഗ്ധർ അവകാശപ്പെടുന്നു.
1. മുന്തിരിയും ഉണക്കമുന്തിരിയും
സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ പതിച്ച് ചർമ്മത്തിലുണ്ടാകുന്ന കേടുപാടുകൾ മാറ്റാൻ മുന്തിരിയും ഉണക്കമുന്തിരിയും സഹായിക്കും.
2. ബീറ്റ്റൂട്ട്
ശരീരത്തിൽ രക്തയോട്ടം വർദ്ധിപ്പിക്കാൻ, വയറിൽ എരിച്ചിൽ ഒഴിവാക്കാൻ, ചർമ്മം സുന്ദരമാകാൻ ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കും.
3. പാഷൻ ഫ്രൂട്ട്
Piceatannol എന്ന പ്രത്യേകതരം ആന്റിഓക്സിഡന്റ് പാഷൻ ഫ്രൂട്ടിലുണ്ട്. ഇത് ചർമ്മത്തെ മനോഹരമാക്കുന്നതിനൊപ്പം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു.
4. പർപ്പിൾ കാബേജ്
എല്ലുകളുടെ ആരോഗ്യത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്ന ഘടകങ്ങൾ പർപ്പിൾ കാബേജിലുണ്ട്.
5. വഴുതന
വഴുതനയിൽ സോളാസോഡിൻ റംനോസിൽ ഗ്ലൈകോസൈഡ്സ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് സംഭവിച്ച കേടുപാടുകൾ മാറ്റാൻ സഹായിക്കും.
ഇവ കൂടാതെ ബ്ലാക്ക്ബെറീസ്, ചുവന്ന ഡ്രാഗൺ ഫ്രൂട്ട്, പർപ്പിൾ നിറമുള്ള കാരറ്റ്, കോളിഫ്ലവർ എന്നിവയും പർപ്പിൾ പഴങ്ങളിൽ ഉൾപ്പെടും.