ഏറെ പ്രതീക്ഷകൾ, നയിക്കാൻ യുവ ക്യാപ്റ്റൻ..ടീമിൽ നടത്തിയത് വലിയൊരു ഉടച്ചുവാർക്കൽ..! എന്നിട്ടും രാജസ്ഥാൻ ഗതിപിടിക്കുന്നില്ലേ എന്ന് ചോദിച്ചാൽ ഇല്ലെന്നാകും ഇപ്പോഴത്തെ ഉത്തരം. കൊൽക്കത്തയ്‌ക്ക് എതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ദൗർബല്യങ്ങളെല്ലാം വെളിപ്പെട്ടു. ടീമിനെ ഏറ്റവും കൂടുതൽ പിന്നോട്ടടിക്കുന്നത് മുനയൊടിഞ്ഞ ബൗളിംഗ് നിരയാണ്. ആർച്ചർ നയിക്കുന്ന പേസ് നിരയിൽ ഏറ്റവും അധികം തല്ലുവാങ്ങുന്നതും അതേ ആർച്ചർ തന്നെ. ഹൈദരാബാദിനെതിരെ നാലോവറിൽ വഴങ്ങിയത് 76 റൺസായിരുന്നു. നാണക്കേടിന്റെ റെക്കോർഡും സ്വന്തം പേരിലാക്കി.
ശരാശരിയിൽ മാത്രം ഒതുങ്ങുന്ന സന്ദീപ് ശർമയും തുഷാർ ദേശ്പാണ്ഡെയുമാണ് മറ്റു പേസർമാർ. ചെന്നൈ കൈവിട്ട മഹീഷ് തീക്ഷണയ്‌ക്കും ആർ.സി.ബി വിട്ട വാനിന്ദു ഹസരംഗയ്ക്കും ചഹലിന്റെയും അശ്വിന്റെയും വലിയൊരു വിടവ് നികത്താൻ പോന്നവരാണോ എന്നത് ചോദ്യമായി അവശേഷിക്കുന്നു. സഞ്ജുവിന്റെ അഭാവത്തിൽ ക്യാപ്റ്റനായ റിയാൻ പരാഗിന്റെ ക്യാപ്റ്റൻസി ഐസിയുവിലാണ്. ക്യാപ്റ്റനായ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ രാജസ്ഥാൻ നായകനെന്ന റെക്കോർഡും താരം സ്വന്തമാക്കി. കൊൽക്കത്തയ്‌ക്ക് എതിരെ എട്ടുവിക്കറ്റിനായിരുന്നു തോൽവി. റിയാന്റെ തീരുമാനങ്ങളെല്ലാം രണ്ടുമത്സരത്തിലും പിഴയ്‌ക്കുന്നതാണ് കണ്ടത്.
ബാറ്റിംഗ് നിരയിൽ രാജസ്ഥാൻ തുടരുന്ന പരീക്ഷണങ്ങൾ വീണ്ടും വീണ്ടും പരാജയപ്പെടുന്നതാണ് കാണുന്നത്. ലോയൽറ്റിയുടെ പേരിൽ കാെൽക്കത്തയെ പഴിച്ച നിതീഷ് റാണയുടെ പ്രകടനവും നിരാശജനകമാണ്. പ്രതീക്ഷ നൽകുന്നത് യുവതാരം ധ്രുവ് ജുറേൽ മാത്രമാണ്. ആദ്യ മത്സരത്തിലും കാര്യമായി തിളങ്ങാത്ത യശസ്വി ജയ്സ്വാൾ രണ്ടാം മത്സരത്തിലും നിറം മങ്ങി. നിതീഷ് റാണയും ഹെറ്റ്മെയറും അണിനിരക്കുന്ന മധ്യനിര നല്ല പ്രകടനം നടത്തിയില്ലെങ്കിൽ രാജസ്ഥാന്റെ മുന്നോട്ട് പോക്ക് കഷ്ടത്തിലാകും. ഹൈദരാബാദിനെതിരെ റൺമല പിന്തുടർന്ന രാജസ്ഥാൻ 44 റൺസിനാണ് തോറ്റത്. ഞായറാഴ്ച ആദ്യ മത്സരം ജയിച്ച ചെന്നൈക്ക് എതിരെയാണ് രാജസ്ഥാന്റെ മൂന്നാം മത്സരം.