മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്ത് പാലസ്തീന്‍ ഭീകര സംഘടന ഹമാസിനെ അനുകൂലിച്ച് തെരുവുനാടകവും ഇസ്രയേല്‍ പതാക കത്തിക്കലും നടത്തി. ഫ്രണ്ട്‌സ് ഓഫ് പാലസ്തീന്‍ സംഘടനാ ബാനറിലായിരുന്നു ഇവ. തെരുവുനാടകക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു.
ഞായറാഴ്ച വൈകിട്ടാണ് നാല് യുവതികളടക്കമുള്ള പത്തംഗ സംഘം ആസാദി തെരുവുനാടകം അവതരിപ്പിച്ചത്. പാലസ്തീന്‍ പതാകയേന്തി ഹമാസ് അനുകൂലവും ഇസ്രയേല്‍ വിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ അവര്‍ ഉയര്‍ത്തി.
മലപ്പുറം, കൊല്ലം, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ളവരാണ് പിന്നിലെന്നും അവരുടെ തിരിച്ചറിയല്‍ കാര്‍ഡിലെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി വിട്ടയച്ചതായും ഫോര്‍ട്ട്‌കൊച്ചി പോലീസ് പറഞ്ഞു. വിദേശ സഞ്ചാരികളുടെ ശ്രദ്ധ ക്ഷണിക്കാന്‍നാടകം അവതരിപ്പിച്ചുവെന്നാണ് സംഘത്തിന്റെ വിശദീകരണം
.ഇസ്രയേലി വിനോദ സഞ്ചാരികളടക്കം പതിനായിരങ്ങളാണ് ടൂറിസം കാലത്തു കൊച്ചിയിലെത്തുക. കഴിഞ്ഞ വര്‍ഷം ഫോര്‍ട്ട്‌കൊച്ചിയില്‍ പാലസ്തീന്‍ അനുകൂല പോസ്റ്ററും ബോര്‍ഡും ഇസ്രയേല്‍ സ്വദേശിനി കീറിയതും പ്രതിഷേധിച്ചതും വാർത്തയായിരുന്നു.
മറ്റൊരു രാജ്യത്തിന്റെ പതാക കത്തിക്കുന്നത് രാജ്യങ്ങൾ തമ്മിലുളള ബന്ധത്തെ ബാധിക്കുന്ന വിഷയമാണ്. ഇവരെ സഹായിച്ചവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.















