വാഷിംഗ്ടൺ: അമേരിക്കയിലെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ. യൂണിവേഴ്സിറ്റിയിലേക്ക് വരുന്നത് പഠിക്കാൻ വേണ്ടി മാത്രമാകണമെന്നും മറ്റ് ലക്ഷ്യത്തോടെ എത്തുന്നവരുടെ പഠനവിസ റദ്ദാക്കുമെന്ന് റൂബിയോ പറഞ്ഞു. പഠനവിസ നേടി അമേരിക്കൻ യൂണിവേഴ്സിറ്റികളിലെത്തി ‘ആക്ടിവിസം’ നടത്തുന്നവരോടാണ് അമേരിക്കയുടെ താക്കീത്. മുന്നൂറിലധികം വിദേശ വിദ്യാർത്ഥികളുടെ പഠനവിസ അമേരിക്ക റദ്ദാക്കുകയും ചെയ്തു.
യൂണിവേഴ്സിറ്റികളിൽ ആക്ടിവിസം നടത്തുന്ന ഭ്രാന്തന്മാരിലാണ് ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാജ്യത്തെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇത്തരം ഗവേഷകരെയും വിദ്യാർത്ഥികളെയും കണ്ടെത്തി പിടികൂടുമെന്നും സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. ഇതുവരെ 300ഓളം പേരെയാണ് പിടികൂടിയത്. ഈ നടപടി തുടരും. അവരെ കണ്ടെത്തി വിസ റദ്ദാക്കുകയും ചെയ്യുമെന്നും മാർകോ റൂബിയോ വ്യക്തമാക്കി.
രാജ്യത്ത് പഠനവിസയിൽ എത്തിയ നിരവധി വിദേശ വിദ്യാർത്ഥികൾ കഴിഞ്ഞ വർഷം ഹമാസ് അനുകൂല പ്രതിഷേധം നടത്തുകയും ക്യാമ്പസിൽ അതിക്രമം നടത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കൻ സർക്കാരിന്റെ നടപടി. കഴിഞ്ഞ മൂന്നാഴ്ചകൊണ്ട് മുന്നൂറോളം വിദ്യാർത്ഥികളെ കണ്ടെത്തി വിസ റദ്ദാക്കി. ഈ നടപടിക്ക് “Catch and Revoke” പ്രോഗ്രാം എന്നാണ് സ്റ്റേറ്റ് സെക്രട്ടറി പേരുനൽകിയിരിക്കുന്നത്. എല്ലാ യൂണിവേഴ്സിറ്റികളിലെയും വിദേശ വിദ്യാർത്ഥികളെ നിരീക്ഷിക്കുമെന്നും സർക്കാർ വ്യക്തമാക്കി. രാജ്യത്ത് ജൂതവിരുദ്ധതയും ഹമാസ് ഭീകരരെ പുകഴ്‌ത്തുന്നതും വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി.















