പൊലീസുകാരെ ആക്രമിച്ച് യുവതി. എസ്ഐയുടെ മൂക്കിടിച്ച് തകർക്കുകയും പൊലീസുകാരെ അടിക്കുകയും കടിക്കുകയും ചെയ്തെന്നാണ് വിവരം. അങ്കമാലി അയ്യമ്പുഴയിൽ വാഹനപരിശോധനയ്‌ക്കിടെയാണ് സംഭവം നടന്നത്. നേപ്പാൾ സ്വദേശിനിയാണ് പൊലീസുകാരെ ആക്രമിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബൈക്കിലെത്തിയ യുവതിയേയും യുവാവിനേയും പൊലീസ് തടഞ്ഞുനിർത്തിയിരുന്നു. വാഹനപരിശോധനയ്‌ക്കിടെ സംശയം തോന്നിയപ്പോഴാണ് യുവതിയുടെ ഫോൺ പരിശോധിച്ചത്. എന്നാൽ ഇതിന് പിന്നാലെ എസ്ഐയുടെ മൂക്കിനിടിക്കുകയായിരുന്നു യുവതി. ഒപ്പമുണ്ടായിരുന്ന യുവാവും പൊലീസുകാർക്ക് നേരെ കയ്യേറ്റം ചെയ്തു.
ഗീത എന്ന യുവതിയും സുമൻ എന്ന ആൺസുഹൃത്തുമാണ് പൊലീസുകാരെ ആക്രമിച്ചത്. ഇരുവരും നേപ്പാൾ സ്വദേശികളാണ്. നാല് പൊലീസുകാർക്കാണ് പരിക്കേറ്റത്. എസ്ഐയുടെ മൂക്ക് ഇടിച്ച ഗീതയേയും ഒപ്പമുണ്ടായിരുന്ന സുമനേയും ജീപ്പിൽ കയറ്റി കൊണ്ടുപോകുന്നതിനിടെ മറ്റ് പൊലീസുകാരെയും ആക്രമിക്കുകയായിരുന്നു. മാന്തുകയും കടിക്കുകയും ചെയ്ത ശേഷം ജീപ്പിൽ നിന്ന് പുറത്തേക്ക് ചാടാനും പ്രതികൾ ശ്രമിച്ചു.















