മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ ഡൽഹിയിലെ വസതിയിലെത്തി സന്ദർശിച്ച് ഗായകൻ സോനു നിഗം. അദ്വാനിക്കും മകൾ പ്രതിഭയ്‌ക്കുമൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് സോനു തന്നെയാണ് സന്ദർശനവിവരം പങ്കുവച്ചത്. ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (ഡിടിയു) ‘engifest 2025’ ൽ പരിപാടി അവതരിപ്പിക്കാൻ സോനു നിഗം ഡൽഹിയിലായിരുന്ന സമയത്താണ് സന്ദർശനം.
അദ്വാനി കുടുംബവുമായുള്ള തന്റെ വ്യക്തിപരമായ ബന്ധം പങ്കുവെച്ചുകൊണ്ടാണ് സോനു നിഗം ഇൻസ്റ്റഗ്രാമിൽ അദ്ദേഹവുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ചത്.
“റൂട്ട്‌സ് റീവിസിറ്റഡ് (3/4) – 2025 മാർച്ച് 24. പ്രതിഭ അദ്വാനി, എൽ കെ അദ്വാനി ജി എന്നിവർ വളരെക്കാലമായി എന്റെ ജീവിതത്തിന്റെ ഭാഗമാണ്, അതുകൊണ്ടാണ് എന്റെ ഡിടിയു പരിപാടിക്ക് ശേഷം ഒരു ദിവസം കൂടി അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ ഞാൻ തീരുമാനിച്ചത്. എന്റെ അമ്മ സിന്ധികൾക്കിടയിൽ വളർന്നതുമുതൽ, സിന്ധി ഭക്ഷണം ഞങ്ങളുടെ കുട്ടിക്കാലത്തിന്റെ ഒരു പ്രധാന ഭാഗമാണ്. പ്രതിഭയ്‌ക്ക് അത് അറിയാം, അതുകൊണ്ടാണ് ദാൽ പക്വാന് പുറമേ അവൾ എനിക്ക് വേണ്ടി വളരെ മധുരമായി സിന്ധി കദി പാകം ചെയ്തത്. അദ്വാനി ജി, 97 വയസ്സായി. അദ്ദേഹം എപ്പോഴും ഉണ്ടായിരുന്നതുപോലെ തന്നെ സുന്ദരനാണ്. എന്റെ പ്രിയപ്പെട്ട കുടുംബം.” സോനു കുറിച്ചു
View this post on Instagram
സോനു നിഗം ആലപിച്ച ‘അഭി മുജ് മേ കഹിൻ’ (അഗ്നിപഥ്, 2012) എന്ന ഗാനത്തിന്റെ ക്ലിപ്പിംഗുകൾ എൽ കെ അദ്വാനി കാണുന്നതും കറൗസൽ പോസ്റ്റിൽ കാണാം. പ്രായഭേദമന്യേ സോനുവിനെ ആരധകർക്കിടയിലെ പ്രിയങ്കരനാക്കിമാറ്റിയ ഗാനമായിരുന്നു ഇത്.