ഓൺലൈൻ ട്രേഡിംഗ് എന്ന പേരിൽ യുവാവിനെ പറ്റിച്ച് 45 ലക്ഷം രൂപ തട്ടിയ യുവതി പിടിയിൽ. ആറ്റിങ്ങൽ ഇടയ്‌ക്കോട് സ്വദേശി കിരൺകുമാറിനെയാണ് പാലക്കാട് കൊല്ലങ്കോട് കീഴ്പട ഹൗസിൽ ഹിതകൃഷ്ണ പറ്റിച്ചത്. ഒളിവിൽ കഴിഞ്ഞ 30-കാരിയെ കേരളത്തിലെത്തിയതിന് പിന്നാലെയാണ് പിടികൂടിയത്. ഇവർക്കെതിരെ സമാന തട്ടിപ്പുകളിൽ നിരവധി പരാതികൾ വിവിധ സ്റ്റേഷനുകളിലുണ്ട്.
അക്യൂമെൻ ക്യാപിറ്റൽ മാർക്കറ്റ് ഇന്ത്യ ലിമിറ്റഡ് എന്ന ട്രേഡിങ് സ്ഥാപനത്തിലെ ഫ്രാഞ്ചെസി ഉടമയാണെന്നും ട്രേഡിംഗ് വിദഗ്ധയാണെന്നും പറഞ്ഞാണ് യുവതി കിരൺകുമാറിനെ സമീപിക്കുന്നത്. 2022 ഏപ്രിൽ 30ന് യുവാവിന്റെ ആറ്റിങ്ങലിലെ വീട്ടിലെത്തിയ യുവതി ട്രേഡിംഗ് ഡെമോ കാണിച്ച് യുവാവിന്റെ വിശ്വാസ്യത നേടിയെടുത്തു. വാക്ചാതുര്യവും ഇയാളെ വീഴ്‌ത്താൻ സഹായകമായി. പിന്നീടാണ് ബാങ്ക് അക്കൗണ്ട് വഴി പണം വാങ്ങുന്നത്. ലാഭം കൊയ്യാമെന്ന് തുടർച്ചായി നിർബന്ധിച്ചാണ് യുവാവിനെ ഇവർ ചാക്കിലാക്കുന്നത്. നിക്ഷേപിച്ച പണം പോലും തിരികെ ലഭിക്കാതായതോടെയാണ് ഇയാൾ പൊലീസിനെ സമീപിക്കുന്നത്. കേസെടുത്തതിന് പിന്നാലെ യുവതി പണവുമായി മുങ്ങി.
ഒളിവിലിരുന്നുകൊണ്ട് ജില്ലാ കോടതിയിലും ഹൈക്കോടതിയിലും മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാൽ കോടതി ആവശ്യം തള്ളിയതോടെ അഹമ്മദാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ പാർക്കുകയായിരുന്നു. ഇതിനിടെ കൊച്ചിയിൽ ഒരു ആവശ്യത്തിന് വന്നതോടെയാണ് പൊലീസ് പൊക്കിയത്. തട്ടിച്ച പണം കാെണ്ട് ആഢംബരം ജീവിതം നയിക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി.