മ്യാൻമറിലെ ഭൂചലനത്തിൽ മരണ സംഖ്യ ഉയരുന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ. 20 ലേറെ മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം നൂറിലേറെ പേർ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ആറുതവണ ഭൂചലനമുണ്ടായെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാൻഡലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ കണ്ടെത്തി. തകർന്ന കെട്ടിടങ്ങളിൽ നൂറിലേറെ പേർ കുടുങ്ങികിടക്കുന്നതായി വിവരമുണ്ട്. ഇതിലധികം പേരെ കാണാനില്ലെന്നും പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ തരിപ്പണമായി. ആറ് പ്രവിശ്യകളിൽ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ബാങ്കോക്കിൽ നിർമാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം നിലം പൊത്തി. ഇവിടെ 91 പേരെ കാണാതായെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് 12.50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിന് പിന്നാലെ തായ്ലൻഡ്, വിയറ്റ്നാം ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ചെറു ചലനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. മാൻഡലെയിൽ ഒരു മസ്ജിതും തകർന്നിട്ടുണ്ട്. ഇവിടെ വിശ്വാസികൾ പ്രാർത്ഥനയ്‌ക്കായി ഒത്തുകൂടിയിരുന്നു. നഗരത്തിലെ ഒരു യൂണിവേഴ്സിറ്റിയിൽ തീപിടിത്തമുണ്ടായി. ഇവിടെയും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചൈനയിലെ യുനാൻ പ്രവിശ്യയിലും ഇന്ത്യയിൽ, കൊൽക്കത്തയിലും മണിപ്പൂരിന്റെ ചില ഭാഗങ്ങളിലും 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളുണ്ടായി, ബംഗ്ലാദേശിലെ ധാക്ക, ചാറ്റോഗ്രാം എന്നിവിടങ്ങളിലും നേരിയ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.ആവശ്യമായ ഏത് സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . “എല്ലാവരുടെയും സുരക്ഷയ്‌ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു,” അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു. “… നമ്മുടെ ഉദ്യോഗസ്ഥരോട് സജ്ജരായിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.”എന്നും അദ്ദേഹം എഴുതി.