ബാങ്കോക്കിലുണ്ടായ അതിശക്തമായ ഭൂകമ്പം കൺമുന്നിൽ കണ്ടതിന്റെ നടുക്കം മാറാതെ നാല് കോഴിക്കോട്ടുകാർ. കോഴിക്കോട് നടക്കാവ് സ്കൂളിലെ അദ്ധ്യാപിക ശുഭയും മക്കളും സുഹൃത്തുമാണ് ഭൂകമ്പ സമയത്ത് സ്ഥലത്തുണ്ടായിരുന്നത്. തലകറക്കം പോലെയാണ് തോന്നിയതെന്നും ഇരുന്ന സോഫാസെറ്റ് ആരോ പിടിച്ച് നീക്കുന്നത് പോലെയാണ് അനുഭവപ്പെട്ടതെന്നും അവർ പറഞ്ഞു.
“ഹോട്ടലിൽ ഇരുന്നപ്പോൾ ഭൂകമ്പമാണെന്ന് പലരും വിളിച്ച് പറയുന്നുണ്ടായിരുന്നു. ഉടൻ എല്ലാവരും ഹോട്ടലിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടി. തൊട്ടടുത്ത ഹോട്ടൽ കെട്ടിടത്തിന് മുകളിൽ നിന്ന് വാട്ടർടാങ്കിലെ വെള്ളം തറയിലേക്ക് വീഴുന്നുണ്ടായിരുന്നു”.
“നടക്കാൻ പോലും പറ്റാതെ പലരും റോഡിൽ നിന്നു. വാഹനങ്ങൾ നിരനിരയായി റോഡിൽ നിർത്തിയിട്ടിരുന്നു. ഹോട്ടലിലെ ജീവനക്കാർ സ്വിമ്മിംഗ് പൂളിൽ ഉണ്ടായിരുന്നവർക്ക് വസ്ത്രങ്ങൾ എടുത്ത് കൊടുക്കുന്നുണ്ടായിരുന്നു. എല്ലാ കടകളും അടഞ്ഞുകിടന്നു”.
മണിക്കൂറുകൾക്ക് ശേഷമാണ് കടകൾ തുറന്നത്. ആശുപത്രിയിൽ കിടക്കുന്നവർ പോലും റോഡിലിറങ്ങി നിന്നെന്നും അവർ പറഞ്ഞു.