ഇരട്ടഭൂകമ്പത്തിൽ തകർന്നുതരിപ്പണമായി മ്യാൻമർ. 7.7 തീവ്രതയിലും തൊട്ടുപിന്നാലെ 6.7 തീവ്രതയിലും ഭൂമി കുലുങ്ങിയതിന് പിന്നാലെ ബഹുനില കെട്ടിടങ്ങളും പാലങ്ങളും തകർന്നുവീണ് ആയിരത്തിലധികം പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 2,500-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ മാണ്ഡലായ് നഗരം മ്യാൻമറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ്. ഇവിടെയുള്ള ബഹുനില കെട്ടിടങ്ങൾ തകർന്നാണ് കൂടുതൽ ആളപായം സംഭവിച്ചത്.
900 കിലോമീറ്റർ അകലെയുള്ള ബാങ്കോക്ക് നഗരത്തിൽ ശക്തമായ പ്രകമ്പനം ഉണ്ടാകുന്ന തരത്തിലായിരുന്നു ഭൂകമ്പത്തിന്റെ തീവ്രത. മ്യാൻമറിലെ ഭൂകമ്പത്തെ തുടർന്ന് തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ അതിപ്രശസ്തമായ പാലങ്ങളും സ്തൂപങ്ങളും കെട്ടിടങ്ങളും നിലംപൊത്തിയിരുന്നു.
തുടർന്ന് പത്ത് പേർ കൊല്ലപ്പെട്ടെന്നാണ് തായ്ലൻഡ് സർക്കാർ നൽകുന്ന വിവരം. നൂറിലധികം നിർമാണ തൊഴിലാളികളെ കാണാതായി. പ്രകമ്പനത്തെ തുടർന്ന് ബാങ്കോക്കിൽ നിർമാണത്തിലിരുന്ന സ്കൈസ്ക്രാപ്പർ തകർന്നുവീണിരുന്നു. ഇതോടെയാണ് നിർമാണ തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. നിലവിൽ ബാങ്കോക്ക് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് തായ്ലൻഡ്.
ദുരന്തവാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ മ്യാൻമറിനും തായ്ലൻഡിനും സഹായഹസ്തം നീട്ടി. വ്യോമസേനയുടെ C 130 J എയർക്രാഫ്റ്റിൽ ‘ഓപ്പറേഷൻ ബ്രഹ്മ’യുടെ ഭാഗമായി 15 ടൺ ദുരിതാശ്വാസ സാമഗ്രികൾ മ്യാൻമറിലേക്ക് ഇന്ത്യ അയച്ചു. സോളാർ ലാംപുകൾ, ഭക്ഷണ പാക്കറ്റുകൾ, കിച്ചൺ സെറ്റുകൾ എന്നിവ ഉൾപ്പടെയാണ് ഇന്ത്യ നൽകിയത്.
#WATCH | #MyanmarEarthquake | The first tranche of 15 tonnes of relief material, including tents, blankets, sleeping bags, food packets, hygiene kits, generators, and essential medicines, has landed in Yangon#OperationBrahma
(Source – XP Division, MEA) pic.twitter.com/h628M3iQqr
— ANI (@ANI) March 29, 2025
യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ നൽകുന്ന വിവരമനുസരിച്ച് മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. 10,000 കടന്നേക്കാമെന്നാണ് സൂചന. രണ്ടുതവണ അതിതീവ്ര ഭൂചലനങ്ങൾ ഉണ്ടായതിന് ശേഷം നിരവധി തുടർചലനങ്ങളും മ്യാൻമറിൽ സംഭവിച്ചിരുന്നു. ഇതാണ് ഭൂകമ്പത്തിന്റെ ആക്കംകൂട്ടിയത്. തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം മ്യാൻമറിൽ തുടരുകയാണ്.















