സുക്മ: ഛത്തീസ്ഗഡിലെ സുക്മയിൽ നടന്ന ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സുക്മ-ദന്തേവാഡ അതിർത്തിയിലെ ഉപമ്പള്ളി കെർലപാൽ പ്രദേശത്തെ വനങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് ജവാന്മാർക്ക് പരിക്കേറ്റതായാണ് വിവരം. കെർലപാൽ പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി ആരംഭിച്ച ഓപ്പറേഷനിൽ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) എന്നിവയിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
സുരക്ഷാ സേനയുടെ സംയുക്ത സംഘം നക്സലൈറ്റ് വിരുദ്ധ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന കേർലാപാൽ പൊലീസ് സ്റ്റേഷന് കീഴിലുള്ള വനത്തിൽ പുലർച്ചെ വെടിവയ്പ്പ് ഉണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. “ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഇതുവരെ പതിനാറ് നക്സലൈറ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു, ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. രണ്ട് ജവാന്മാർക്ക് പരിക്കേറ്റിറ്റുണ്ട്. അവർ ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്. മറ്റ് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടിരിക്കാനോ പരിക്കേൽക്കാനോ ഉള്ള സാധ്യയുണ്ട്. മൃതദേഹങ്ങളുടെ തിരിച്ചറിയൽ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ കൂടുതൽ വിവരങ്ങൾ പങ്കുവയ്‌ക്കാൻ കഴിയും,” ബസ്തർ ഐജി സുന്ദർരാജ് പി പറഞ്ഞു.