പാലക്കാട്: സ്കൂളിന്റെ ചുറ്റമതിലിലെ മാളത്തിൽ 28 വിഷപാമ്പുകൾ. ഒറ്റപ്പാലം വാണിയംകുളത്ത് ടിആർകെ ഹെെസ്കൂളിന്റെ മതിലിൽ നിന്നാണ് മാരക വിഷമുള്ള പാമ്പുകളെ പി ടികൂടിയത്. 27 അണലിക്കുഞ്ഞുങ്ങളെയും ഒരു വലിയ അണലിയെയുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടിയത്.
സ്കൂളിന്റെ പിൻഭാഗത്തെ മതിൽ പൊളിച്ചാണ് പാമ്പിനെയും കുഞ്ഞുങ്ങളെയും പുറത്തെടുത്തത്. ആദ്യം മതിലിലെ മാളത്തിൽ നിന്നും ഏതാനും ചില പാമ്പുകളെയാണ് പിടികൂടിയത്. തുടർന്ന് മതിലിനകത്ത് ഇനിയും പാമ്പുകൾ ഉണ്ടാകുമെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ ജെസിബി കൊണ്ട് വന്ന് മതിൽ പൊളിച്ചു.
പിന്നീട് ഓരോ പാമ്പുകളെയായി പിടികൂടുകയായിരുന്നു. അടുത്ത സ്ഥലങ്ങളിൽ പാമ്പുകളുടെ സാന്നിദ്ധ്യം തിരിച്ചറിയാൻ പ്രത്യേക നിരീക്ഷണം തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു.















