പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം എമ്പുരാനിൽ മാറ്റം വരുത്താൻ ധാരണ. റീ സെൻസറിംഗ് നടത്തിയ ശേഷമാണ് മാറ്റങ്ങൾ വരുത്താൻ ധാരണയായത്. കലാപത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ 17 ഭാഗങ്ങൾ മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.
വില്ലൻ കഥാപാത്രത്തിന്റെ പേര്, കലാപത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരുത്തും. ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യും. ദേശീയപതാകയെ കുറിച്ചുള്ള ഡയലോഗ ഒഴിവാക്കും. സിനിമക്കെതിരെ വലിയ പ്രതിഷേധം കനത്തതോടെയാണ് റീ സെൻസറിംഗ് നടത്താൻ തീരുമാനിച്ചത്. അതേസമയം, ഇത് റീ സെൻസറിംഗ് അല്ല, മോഡിഫിക്കേഷൻ ആണെന്നാണ് വിവരം.
ചിത്രത്തിനെതിരെ ആർഎസ്എസ് മുഖപത്രവും നേതാക്കളും വിമർശനവുമായി രംഗത്തെത്തിയിരുന്നു. മോഹൻലാൽ ആരാധകരെ വഞ്ചിച്ചെന്നും പൃഥ്വിരാജ് ഹിന്ദുവിരുദ്ധ നിലപാട് ചിത്രത്തിൽ ഉപയോഗിച്ചെന്നും ഓർഗനൈസർ വിമർശിച്ചു.
ചരിത്രം മറച്ചുവെച്ചുകൊണ്ട് ഹിന്ദു വിഭാഗത്തെ അപമാനിക്കാനും ഭീകരന്മാരായി ചിത്രീകരിക്കാനുമുള്ള ശ്രമമാണ് നടന്നതെന്നും രണ്ട് മത വിഭാഗങ്ങൾ തമ്മിൽ വിവേചനം ഉണ്ടാക്കുന്ന ചിത്രമാണിതെന്നും ഓർഗനൈസർ ചൂണ്ടിക്കാട്ടി.