എറണാകുളം: നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. നോർത്ത് പറവൂരിലാണ് സംഭവം. കുട്ടിയുടെ അച്ഛനെതിരെയാണ് അമ്മ പരാതി നൽകിയത്. കുട്ടിയുടെ അമ്മയുടെ വീട്ടിലെത്തിയ ഇയാൾ മുത്തശ്ശിയെ മർദ്ദിച്ച ശേഷമാണ് കുഞ്ഞുമായി കടന്നത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.
സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ നോർത്ത് പറവൂർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ദമ്പതികൾ തമ്മിലുള്ള പ്രശ്നമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് വിവരം. കുടുംബപ്രശ്നങ്ങളെ തുടർന്ന് ദമ്പതികൾ അകന്ന് കഴിയുകയായിരുന്നു.
കുട്ടിയുടെ അമ്മ വിദേശത്താണ്. മുത്തിശ്ശിയാണ് കുഞ്ഞിനെ സംരക്ഷിച്ചിരുന്നത്. അതിക്രമിച്ച് വീട്ടിൽ കയറിയ പ്രതി മുത്തശ്ശിയെ മർദ്ദിച്ച ശേഷം കുട്ടിയുമായി കടന്നുകളയുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മുത്തശ്ശി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.















