കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയെ പ്രതിയാക്കിയാണ് കുറ്റപത്രം. നവീൻ ബാബു കൈകൂലി വാങ്ങിയതിന് തെളിവില്ലെന്നും കുറ്റപത്രത്തിലുണ്ട്. കണ്ണൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ദിവ്യയുടെ അധിക്ഷേപത്തിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയതെന്നും ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും പൊലീസിന്റെ കുറ്റപത്രത്തിൽ പറയുന്നു. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ ദിവ്യ പോയത് എഡിഎമ്മിനെ അപമാനിക്കാൻ ലക്ഷ്യമിട്ടാണ്. ചടങ്ങിലേക്കു സ്വകാര്യ ചാനലിനെ ദിവ്യ വിളിച്ചു വരുത്തിയതാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
സ്വന്തം ഫോണിൽ നിന്ന് ദിവ്യ പ്രസംഗദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലി വാങ്ങിയെന്നത് പ്രശാന്തിന്റേത് ആരോപണം മാത്രമാണ്, എന്നും കുറ്റപത്രത്തിൽ പറയുന്നു. നവീൻ ബാബു മരിച്ച് അഞ്ചുമാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
മൂന്ന് ഭാഗങ്ങളായി 500 ഓളം പേജുകളുള്ളതാണ് കുറ്റപത്രം. കേസിൽ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടേയും മക്കളുടേയും ഉൾപ്പെടെ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കുറ്റപത്രത്തിൽ ഗൂഢാലോചനയിൽ പങ്കാളികളായവരെ സംബന്ധിച്ച് വിവരങ്ങളൊന്നും ഉൾപ്പെടുത്താതിലുള്ള വിമർശനം കുടുംബം ഉന്നയിച്ചു. കേസിൽ പിപി ദിവ്യയെ മാത്രം പ്രതി ചേർത്തതിലും വിമർശനമുണ്ട്. സിബിഐ അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് നവീന്റെ ഭാര്യ മഞ്ജുഷ.