സിനിമകളിൽ വില്ലൻ വേഷങ്ങളിലും മിനിസ്ക്രീനിൽ സ്വഭാവ നടനായും തിളങ്ങുന്ന താരമാണ് മനുവർമ്മ. പഴയകാല നടൻ ജഗന്നാഥ വർമ്മയുടെ മകനാണ് താരം. യുവതാരമായി സിനിമയിലേക്ക് കടന്നുവന്ന താരത്തിന് മലയാളത്തിലെ മുൻനിര നായക നടന്മാർക്കൊപ്പം പ്രവർത്തിക്കാനും അവസരം കിട്ടി. ചെറുതും വലുതുമായ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലും താരം മികവ് തെളിച്ചു. ഐവി ശശി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ നിലഗിരിയിലും താരം ഒരു ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തിരുന്നു.
ഈ ചിത്രത്തിലെ ഒരു അനുഭവം താരം അടുത്തിടെ നൽകിയ അഭിമുഖത്തിൽ പങ്കിട്ടിരുന്നു. “നീലഗിരിയിൽ അഭിനയിക്കുന്ന സമയത്താണ് മമ്മൂക്കയുമായി കൂടുതൽ കോമ്പിനേഷൻ സീനുകളുണ്ടായിരുന്നു. നായികയായ മധുബാലയെ വിവാഹം കഴിക്കാനെത്തുന്ന ആളായാണ് ഞാൻ അഭിനയിച്ചത്. മധുബാലയ്‌ക്ക് എന്റെ കഥാപാത്രത്തെ ഇഷ്ടമല്ല. പടത്തിന്റെ അവസാനം മമ്മൂക്കയുമായുള്ള ഒരു ക്ലാഷ് സീനുണ്ട്. അതിൽ ഞാനൊരു പഞ്ചും കൊടുക്കുന്നുണ്ട്.
എനിക്ക് അന്ന് 21 വയസാണ് പ്രായം. അദ്ദേഹത്തെ ഇടിക്കാനുള്ള ധൈര്യം തീരെയില്ല. രണ്ടുപഞ്ച് കൊടുത്തിട്ടും അത് ക്യാമറയിൽ ശരിയായില്ല. പിന്നീട് ശശിയേട്ടനും മമ്മൂക്കയും പറഞ്ഞു ശരിക്കും ഇടിക്കെടാ എന്ന്. ഒരിടി ഞാൻ കൊണ്ടോളാമെന്നും പറഞ്ഞു. എനിക്ക് എന്നിട്ടും ധൈര്യം വന്നില്ല. അവസാനം ഞാൻ ഒരണ്ണം കൊടുത്തു. അവസാനം പുള്ളി കമിഴ്ന്നു വീണു. ഇത് നല്ല ഇടിയായി പോയെന്നാണ് പുള്ളി പറഞ്ഞത്. ഞാൻ മാപ്പ് തരണമെന്ന് അപേക്ഷിച്ചു. പക്ഷേ എന്നോട് അദ്ദേഹം ഒരു സ്നേഹക്കുറവും കാട്ടിയില്ല. ആ സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട്. ഞാൻ എപ്പോൾ മെസേജ് അയച്ചാലും അദ്ദേഹം തിരികെ വിളിക്കാറുണ്ട്”. —മനു വർമ്മ പറഞ്ഞു.