വിഷ്ണു മഞ്ചു പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കണ്ണപ്പയുടെ റിലീസ് തീയതി മാറ്റിവച്ചു. ഏപ്രിൽ 25-നാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ വിഎഫ്എക്സ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടത്തുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
റിലീസ് വൈകുന്നതിൽ ആരാധകരോട് ക്ഷമ ചോദിച്ച് വിഷ്ണു മഞ്ചു പോസ്റ്റ് പങ്കുവച്ചിരുന്നു. പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് വിഷ്ണു മഞ്ചു പറഞ്ഞു. പ്രേക്ഷകർക്ക് ഉയർന്ന നിലവാരമുള്ള ഒരു സിനിമാറ്റിക് ദൃശ്യവിരുന്ന് നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഗംഭീരമായ വിഎഫ്എക്സ് വർക്ക് ആവശ്യമായ ഭാഗങ്ങൾ പൂർത്തിയാക്കാൻ ഇനിയും ഞങ്ങൾക്ക് സമയം ആവശ്യമാണ്. റിലീസിംഗ് അൽപം വൈകും.
ഇത് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സങ്കടമുണ്ട്. പരമശിവന്റെ ഭക്തനായുള്ള ട്രിബ്യൂട്ടാണിത്. അത് അതിഗംഭീരമായി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിനായി ഞങ്ങളുടെ അണിയറപ്രവർത്തകർ പ്രവർത്തിക്കുന്നുണ്ട്. എല്ലാവരും കാത്തിരിക്കുകയെന്നും വിഷ്ണു മഞ്ചു കുറിച്ചു.
മുകേഷ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ, അക്ഷയ് കുമാർ, മോഹൻബാബു, പ്രഭാസ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. അക്ഷയ് കുമാർ ശിവനായും കാജൽ അഗർവാൾ പാർവതി ദേവിയായും എത്തും.
Leave a Comment