ആദ്യ മത്സരം തോറ്റെങ്കിലും കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 36 റൺസിന്റെ തകർപ്പൻ വിജയം നേടി ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് ടേബിളിലെ ആദ്യ നാലിൽ ഇടം നേടി. അതേസമയം കളിച്ച രണ്ട് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയ മുംബൈ ഇന്ത്യൻസ് ഏറെ പിന്നിൽ ഒൻപതാം സ്ഥാനത്താണ്. പത്ത് ടീമുകളിൽ പഞ്ചാബും ഡൽഹിയുമൊഴിച്ചാൽ ബാക്കിയെല്ലാ ടീമുകളും ടൂർണമെന്റിൽ രണ്ട് കളിവീതം പൂർത്തിയാക്കിയപ്പോൾ രണ്ടിലും വിജയം സ്വന്തമാക്കി 4 പോയിന്റോടെ ടേബിളിൽ ഒന്നാംസ്ഥാനത്തുള്ളത് കോലിയുടെ റോയൽ ചലഞ്ചേഴ്‍സ് ബെംഗളൂരുവാണ്.
രണ്ട് കളികളിൽ നിന്നും ഓരോ ജയം മാത്രമുള്ള ലഖ്‌നൗവും ഗുജറാത്തും നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ രണ്ടും മൂന്നും സ്ഥാനത്താണ്. ഓരോ മത്സരം വീതം കളിച്ച് രണ്ട് പോയിന്റവീതമുള്ള പഞ്ചാബും ഡൽഹിയുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനക്കാർ. കഴിഞ്ഞ മത്സരത്തിൽ ലഖ്‌നൗവിനെതിരെ ദയനീയ തോൽവി ഏറ്റുവാങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദ് പട്ടികയിൽ ആറാമതാണ്. ഏഴാമതുള്ള കൊൽക്കത്ത പുതിയ ക്യാപ്റ്റൻ അജിൻ ക്യാ രഹാനെയുടെ കീഴിൽ വിജയവഴിയിൽ തിരികെയെത്തി.
അതേസമയം ആരാധകരുടെ ഇഷ്ട ടീമായ ചെന്നൈ രണ്ട് കളികളിൽ നിന്നും ഒരു ജയവും ഒരു തോൽവിയുമായി എട്ടാം സ്ഥാനത്താണ്. കളിച്ച രണ്ട് കളികളും തോറ്റ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസാണ് പട്ടികയിലെ അവസാന സ്ഥാനക്കാർ. രണ്ട് കളികളിൽ നിന്നായി 145 റൺസെടുത്ത ലഖ്‌നൗവിന്റെ നിക്കോളാസ് പൂരനാണ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി റൺവേട്ടയിൽ മുന്നിൽ. മുബൈക്കെതിരെ വെറും 18 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റെടുത്ത ചെന്നൈയുടെ നൂർ അഹമ്മദിനാണ് പർപ്പിൾ ക്യാപ്പ്.