ന്യൂഡൽഹി: ജൂൺ 21-ന് ആചരിക്കുന്ന യോഗ ദിനത്തേക്കുള്ള പുതിയ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഒരു ഭൂമിക്കും ഒരു ആരോഗ്യത്തിനും വേണ്ടി യോഗ’ എന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലാണ് പ്രഖ്യാപനം.
“ഒരു ഭൂമിക്കും ആരോഗ്യത്തിനും വേണ്ടി യോഗ എന്നതാണ് 2025-ലെ യോഗ ദിനത്തിന്റെ പ്രമേയം. യോഗയിലൂടെ ലോകത്തെ മുഴുവൻ ആരോഗ്യമുള്ളതാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആരോഗ്യകരമായ സമൂഹത്തെ വാർത്തെടുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. നിങ്ങളുടെ ജീവിതത്തിൽ ഇതുവരെ യോഗ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ അത് ചെയ്യുക. ഇനിയും വൈകിയിട്ടില്ല.
ഭാവി തലമുറകൾക്ക് വേണ്ടിയാണ് യോഗ ദിനം ആചരിക്കുന്നത്. പത്ത് വർഷം മുമ്പാണ് ഇന്ത്യ ആദ്യമായി യോഗ ദിനം ആചരിച്ചത്. ലോകമെമ്പാടും യോഗയെ കുറിച്ചുള്ള അവബോധം വളർത്താൻ സഹായിക്കുന്നു. യോഗയും ആയുർവേദവും ആരോഗ്യത്തിനുള്ള മാദ്ധ്യമങ്ങളായി നിലകൊള്ളുകയാണ്”.
എല്ലാവരും ദിനചര്യകളിൽ യോഗ ഉൾപ്പെടുത്തണമെന്നും ആരോഗ്യവാന്മാരായി ജീവിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. യോഗ ചെയ്യുന്നതിന്റെ ഗുണങ്ങളെ കുറിച്ച് മനസിലാക്കുക, ലോകമെമ്പാടും യോഗയുടെ അവബോധം വളർത്തുക എന്നത് ലക്ഷ്യമിട്ടാണ് രാജ്യം അന്താരാഷ്‌ട്ര യോഗ ദിനം ആചരിക്കുന്നത്.















