തിരുവനന്തപുരം: റിക്കവറി വാഹനം ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി അമ്മയ്‌ക്കും മകൾക്കും ദാരുണാന്ത്യം. വർക്കല കല്ലമ്പലത്താണ് അപകടമുണ്ടായത്. ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. പേരേറ്റ് സ്വദേശികളായ രോഹിണി , മകൾ അഖില എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ വർക്കല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോവുകയായിരുന്നു റിക്കവറി വാഹനം. അമിത വേഗത്തിലെത്തിയ വാഹനം റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിലൂടെ നടന്നുവരികയായിരുന്ന ജനക്കൂട്ടത്തെയും ഇടിച്ചുതെറിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 10 മണിക്കായിരുന്നു അപകടം. അപകടത്തിന് പിന്നാലെ വാഹനത്തിന്റെ ഡ്രൈവർ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.















