വിവാദങ്ങൾക്ക് വഴിവച്ച ചിത്രം എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പ്രദർശനം നടക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്ന ദൃശ്യങ്ങൾ, എൻഐഎ ബോർഡ്, ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നത് തുടങ്ങിയ സീനുകൾ ചിത്രത്തിൽ നിന്ന് മാറ്റും. ബജ്റംഗി എന്ന വില്ലന്റെ പേര് ഉൾപ്പെടെ 17 ഭാഗങ്ങളാണ് നീക്കം ചെയ്യുന്നത്.
കേന്ദ്ര സെൻസർ ബോർഡിന്റെ നിർദേശ പ്രകാരമാണ് അടിയന്തര നടപടി. എഡിറ്റിംഗിന് ശേഷം വ്യാഴാഴ്ചയോടെ ചിത്രത്തിന്റെ പുതിയ പതിപ്പ് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡിന്റെ നിർദേശപ്രകാരം തീരുമാനം മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിവരെ സെൻസർ ബോർഡ് അംഗങ്ങൾ പ്രത്യേക യോഗം ചേരുകയും മാറ്റം വരുത്തേണ്ട രംഗങ്ങളെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. 20 മിനിറ്റോളം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സെൻസർ ബോർഡിന്റെ ഇടപെടലുണ്ടായിരുന്നു. പിന്നീട് മൂന്ന് മിനിറ്റോളം നീക്കം ചെയ്താൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
വില്ലന്റെ പേര് പരാമർശിക്കുന്ന സ്ഥലങ്ങളിൽ മ്യൂട്ട് ചെയ്യുമെന്നാണ് വിവരം. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് എമ്പുരാനെതിരെ ഉയർന്നത്. ആർഎസ്എസ് ഉൾപ്പെടെ വിമർശനവുമായി എത്തിയതോടെയാണ് ചിത്രം റീസെൻസറിംഗിന് വിധേയമാക്കിയത്. കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ കുറിപ്പ് പങ്കുവച്ചിരുന്നു.