റായ്പൂർ: ഏറ്റുമുട്ടലിൽ വനിത മാവോസ്റ്റിനെ വധിച്ച് സുരക്ഷ സേന. തലയ്‌ക്ക് 25 ലക്ഷം രൂപ വിലയിട്ട മാവോസ്റ്റിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചത്. ദന്തേവാഡയിലായിരുന്നു ഏറ്റുമുട്ടൽ. സ്ഥലത്ത് നിന്ന് വൻ ആയുധശേഖരവും കണ്ടെത്തിയിട്ടുണ്ട്. റൈഫിൾ, വെടിയുണ്ടകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയും കണ്ടെടുത്തു.
ദന്തേവാഡ ജില്ലയിലെ ഗീദം പൊലീസ് സ്റ്റേഷന് സമീപത്തെ അതിർത്തി പ്രദേശങ്ങളായ നെൽഗോഡ, അകേലി, ബെൽനാർ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. വാറങ്കലിൽ താമസിച്ച് മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന രേണുക എന്ന ബാനുവാണ് കൊല്ലപ്പെട്ടത്. രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിലെ ബിജാപൂരിൽ അമ്പത് മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു. സംഭവത്തിന് പിന്നാലെ കീഴടങ്ങിയവരുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനൽകി. മാവോയിസ്റ്റുകൾ കീഴടങ്ങിയതിൽ സന്തോഷമുണ്ടെന്നും അക്രമവും ആയുധങ്ങളും ഉപേക്ഷിച്ച് വികസനത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നവരെ സ്വാഗതം ചെയ്യുന്നുവെന്നും അമിത് ഷാ എക്സിലൂടെ പറഞ്ഞു.
ആയുധങ്ങൾ ഉപേക്ഷിച്ച് വരുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരും എന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയമാണെന്നും അവരുടെ ക്ഷേമം ഉറപ്പാക്കുമെന്നും അമിത് ഷാ എക്സിൽ കുറിച്ചു.















