ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫിനിഷർമാരിൽ ഒരാൾ. ഏത് മത്സരവും ഏത് നിമിഷത്തിലും ഒറ്റയ്‌ക്ക് തിരിച്ചുവിടാൻ കെൽപ്പുള്ള മഹേന്ദ്ര സിംഗ് ധോണി. പക്ഷേ 43-ാം വയസിൽ ചെന്നൈക്ക് വേണ്ടി ബാറ്റ് ചെയ്യാനിറങ്ങുമ്പോൾ അയാൾക്ക് ആ പഴയ പ്രതാപത്തിന്റെ നിഴൽ പോലും ആവാൻ സാധിക്കുന്നുണ്ടോ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. കണക്കുകൾ നിരത്തിയാണ് വിമർശകർ ചോദ്യം ഉന്നയിക്കുന്നത്.
കഴിഞ്ഞ രണ്ടുവർഷത്തിൽ ടീമിൽ ധോണിയുടെ റോളിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഏഴാം നമ്പരിന് മേലെ ധോണി ബാറ്റിംഗിന് ഇറങ്ങുന്നത് അപൂർവമായി മാത്രം. റോയൽ ചലഞ്ചേഴ്സിനെതിരെ ക്രീസിലെത്തിയത് ഒൻപതാമനായി. ഈ സമീപനം ധോണിയിൽ നിന്ന് നേരത്തെ കണ്ടിട്ടുമില്ല. ഇതിന് വ്യാപകമായി പഴിയും കേൾക്കേണ്ടി വന്നു.
രാജസ്ഥാൻ റോയൽസിനെതിരെ നിർണായ ഘട്ടത്തിൽ ബാറ്റിംഗിനെത്തിയ ധോണിക്ക് നേടാനായത് 11 പന്തിൽ നിന്ന് 16 റൺസ്. പേരുകേട്ട ഫിനിഷർക്ക് ടീമിനെ ജയിപ്പിക്കാനുമായില്ല. സന്ദീപ് ശർമയുടെ പന്തിൽ ഹെറ്റ്മെയർ ക്യാച്ചെടുത്താണ് താരം പുറത്തായത്. അറു റൺസിന്റെ തേൽവിയാണ് ചെന്നൈ വഴങ്ങിയത്. ഇനിയൊരിക്കലും ആ ക്ലാസിക് ഫിനിഷറെ കാണാനാകില്ലെന്നാണ് കണക്കുകൾ നിരത്തി ചിലർ വാദിക്കന്നത്.
2023 മുതൽ ടീം ചേസ് ചെയ്യുമ്പോൾ ധോണിയുടെ പ്രകടനമിങ്ങനെ.
ജയിച്ച മത്സരം – 3 ഇന്നിംഗ്സ്, 3 റൺസ് ( 9 പന്ത്)
തോറ്റ മത്സരം – 6 ഇന്നിംഗ്സ്, 166 റൺസ്, ( 84 പന്ത്), 13 ഫോറും, 13 സിക്സും















