ചൈനയിൽ വാടക ഗർഭ ധാരണത്തിലൂടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി 17 കാരി. 50 വയസുള്ള മധ്യവയസ്കനുവേണ്ടിയാണ് ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടി ഇരട്ട ആൺകുട്ടികൾക്ക് ജന്മം നൽകിയത്. അണ്ഡ ദാതാവും പെൺകുട്ടിതന്നെയായിരുന്നു. വാടക ഗർഭധാരണത്തിന് പ്രതിഫലമായി ഒരു കോടി രൂപയാണ് 50 കാരൻ 17 കാരിക്ക് നൽകിയത്.
സംഭവം പുറത്തറിഞ്ഞതോടെ ഇയാൾക്കെതിരെ പ്രതിഷേധം വ്യാപകമാവുകയും ഗ്വാങ്‌ഷോ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ കേസിൽ അന്വേഷണം പ്രഖ്യാപിച്ചതായും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് (SCMP) റിപ്പോർട്ട് ചെയ്തു. മാർച്ച് 24 ന് മനുഷ്യക്കടത്ത് വിരുദ്ധ പ്രവർത്തകനായ ഷാങ്‌ഗുവാൻ ഷെങ്‌യി സോഷ്യൽ മീഡിയയിൽ വിശദാംശങ്ങൾ പങ്കുവെച്ചതോടെയാണ് കേസ് പുറത്തുവന്നത്. സിചുവാൻ പ്രവിശ്യയിൽ താമസിക്കുന്ന 17 കാരി ഗ്വാങ്‌ഷൂവിലെ ഒരു ഏജൻസി വഴി വാടക ഗർഭധാരണ പ്രക്രിയയ്‌ക്ക് വിധേയയാഎന്നും ഫെബ്രുവരി 2 ന് ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ആശുപത്രിയിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയെന്നും അദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്നു.
കുഞ്ഞുങ്ങളുടെ പിതാവ് ജിയാങ്‌സി പ്രവിശ്യയിലുള്ള ലോങ് എന്ന കുടുംബപ്പേരിൽ അറിയപ്പെട്ടുന്ന ആളാണ്. ഭ്രൂണം ഇംപ്ലാന്റ് ചെയ്യുമ്പോൾ പെൺകുട്ടിക്ക് 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. കരാർ തുക 80 ലക്ഷമായിരുന്നുവെങ്കിലും പിന്നീട് ഇയാൾ പെൺകുട്ടിക്ക് ഒരു കോടി രൂപ നൽകുകയായിരുന്നു. ലോങ്ങ് അവിവാഹിതനായതിനാൽ, കുട്ടികളുടെ ജനന സർട്ടിഫിക്കറ്റുകളും വീട്ടു രജിസ്ട്രേഷനുകളും ലഭിക്കാൻ അയാൾ പെൺകുട്ടിയുടെ ഭർത്താവായി അഭിനയിച്ചതായും ആരോപിക്കപ്പെടുന്നു. ചൈനയിൽ വാടക ഗർഭധാരണം വ്യക്തമായി നിരോധിക്കുന്ന ഒരു നിയമമില്ലെങ്കിലും, നിരവധി സർക്കാർ നിയന്ത്രണങ്ങൾ ഈ രീതിയെ എതിർക്കുന്നുണ്ട്.