ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ വീണ്ടും ഏറ്റുമുട്ടൽ. കഴിഞ്ഞ ദിവസം രാത്രി സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ വെടിവെയ്പ്പിൽ സേന മൂന്ന് ഭീകരരെ വളഞ്ഞതായാണ് സൂചന. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ കത്വയിൽ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. കത്വ ജില്ലയിലെ രാംകോട്ട് പ്രദേശത്താണ് ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പ്രദേശത്തേക്ക് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
അവസാന ഭീകരനെയും വധിക്കുന്നതുവരെ ഓപ്പറേഷൻ തുടരുമെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ശിവ് കുമാർ ശർമ്മ നേരത്തെ പറഞ്ഞിരുന്നു. അതിർത്തിയിൽ താമസിക്കുന്നവർ സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
“ഓപ്പറേഷൻ തുടരുകയാണ്, ശേഷിക്കുന്ന അവസാന ഭീകരനെയും ഇല്ലാതാക്കുന്നതുവരെ, ജമ്മു കശ്മീർ പൊലീസ് അവരുടെ ദൗത്യത്തിൽ ഉറച്ചുനിൽക്കും. തീവ്രവാദം ഇല്ലാതാക്കുന്നതിനും ജമ്മു കശ്മീരിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ഞങ്ങളുടെ സേന സമർപ്പിതമാണ്,” ശർമ്മ റിയാസിയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞയാഴ്ച ഇതേ പ്രദേശത്ത് സൈന്യം രണ്ട് ഭീകരരെ വെടിവച്ചു കൊല്ലുകയും ഏറ്റുമുട്ടലിൽ നാല് പൊലീസുകാർ കൊല്ലപ്പെടുകയും ചെയ്തു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.















