ന്യൂയോർക്ക്: AI സൃഷ്ടിച്ച ഗിബ്‌ലി-സ്റ്റൈൽ ഇമേജുകൾ എന്ന പുതിയ വൈറൽ ട്രെൻഡിന് പിന്നാലെ OpenAI-യുടെ ChatGPT ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഉപയോക്താക്കൾക്ക് ഫ്രീ ആയി ഉപയോഗിക്കാനും അവസരം നൽകിയതോടെ അടുത്തിടെ വന്ന ഈ പുതിയ ഫീച്ചർ ഇന്റർനെറ്റിൽ വൻ പ്രചാരം നേടി. സ്റ്റുഡിയോ ഗിബ്ലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചിത്രങ്ങൾ നിർമ്മിക്കാനും പങ്കിടാനും ദശലക്ഷക്കണക്കിന് ആളുകൾ സോഷ്യൽ മീഡിയയിലേക്ക് ഒഴുകിയെത്തി.
ഇപ്പോൾ തങ്ങൾ മറികടന്ന റെക്കോർഡ് നേട്ടം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് OpenAI സിഇഒ സാം ആൾട്ട്മാൻ. “26 മാസം മുമ്പ് നടന്ന ChatGPT ലോഞ്ച് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വൈറൽ നിമിഷങ്ങളിൽ ഒന്നായിരുന്നു, അഞ്ച് ദിവസത്തിനുള്ളിൽ ഞങ്ങൾ ഒരു ദശലക്ഷം ഉപയോക്താക്കളെ ചേർത്തു. എന്നാൽ ഇന്ന്, കഴിഞ്ഞ ഒരു മണിക്കൂറിൽ ഞങ്ങൾ ഒരു ദശലക്ഷം ഉപയോക്താക്കളെ ചേർത്തു,” ആൾട്ട്മാൻ അഭിമാനത്തോടെ X-ൽ പങ്കിട്ടു.
കഴിഞ്ഞ ദിവസം ഗിബ്‌ലി ശൈലിയിൽ സൃഷ്ടിച്ച പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു പോസ്റ്റ് സാം ആൾട്ട്മാൻ പങ്കുവെച്ചു . ഇന്ത്യാ ഗവൺമെന്റിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളായ ‘MyGov ‘ലാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഹസ്തദാനം പങ്കിടുന്നത്, ഇമ്മാനുവൽ മാക്രോണിനൊപ്പം പോസ് ചെയ്യുന്നത്, സിംഹക്കുട്ടികളുമായി കളിക്കുന്നത്, അയോധ്യയിലെ രാം ലല്ല ക്ഷേത്രം സന്ദർശിക്കുന്നത് തുടങ്ങി പ്രധാനമന്ത്രിയുടെ വ്യത്യസ്തങ്ങളായ ഗിബ്‌ലി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടന്ന് വൈറലായി മാറി.