തിരുവനന്തപുരം : എമ്പുരാൻ വിവാദത്തിൽ മകൻ പൃഥ്വി രാജിനെ ന്യായീകരിച്ച് രംഗത്തെത്തിയ നടി മല്ലിക സുകുമാരനെ പഴയ ചില കാര്യങ്ങൾ ഓര്മ്മെപ്പടുത്തി മുൻ സെൻസർ ബോർഡ് അംഗമായ ഷിജിൽ കെ കടത്തനാട് . ഇദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.
പൃഥ്വിരാജിനെ മട്ടാഞ്ചേരി മാഫിയ ഒതുക്കാൻ നോക്കിയ സമയത്ത് സഹായത്തിനായി മല്ലിക സുകുമാരൻ എത്തിയത് ആർഎസ്എസ് നേതൃത്വത്തിന്റെ മുന്നിലായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഷിജിൽ കെ കടത്തനാട് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
മല്ലികാ സുകുമാരൻ എന്ന അമ്മയോട്,
പൃഥ്വിരാജിന്റെ ജാതകം RSS ന് അറിയില്ല എന്ന് അമ്മ പറയുന്നത് കേട്ടു..
അമ്മ മറന്നു പോയോ?
ഏകദേശം 20 വർഷം മുൻപ് സത്യം സിനിമ ഇറങ്ങിയ കാലത്ത്, മകന്റെ ജാതകം മട്ടാഞ്ചേരി മാഫിയ തിരുത്തി എഴുതാൻ നോക്കിയപ്പോൾ, RSS എഴുതിയ ജാതകമാണ് നിങ്ങൾ മകനിൽ ചാർത്തി കൊടുക്കുന്ന എല്ലാ വിജയങ്ങളുടേയും പിന്നിലെന്നത് വിനീതമായി ഓർമ്മിപ്പിക്കുന്നു.
കരഞ്ഞ കണ്ണും കലങ്ങിയ മനസ്സുമായി അമ്മയും മകനും കൂടി കടന്നു വന്ന ഒരു അനന്തപുരിയിലെ ഒരു പടിയുണ്ട്. അന്ന് ആ അമ്മയ്‌ക്കും മകനും നൽകിയ പിന്തുണ മറന്നു പോയോ എന്ന് ഇന്ന് നൽകിയ ഇൻ്റർവ്യൂ കണ്ടപ്പോൾ തോന്നിപോകുന്നു. അതുകൊണ്ട് ഈ എഴുത്ത് ഒരു ഓർമ്മപെടുത്തലായി കരുതുമല്ലോ ?
RSS ഉം അതിന്റെ നേതൃത്വവും നൽകിയ പിന്തുണയിൽ നിന്നുമാണ് ഇന്ന് കാണുന്ന പ്രധാന നടനും സംവിധായകനും ഒക്കെയായി മകന് മാറാൻ പറ്റിയത്.. അല്ലെങ്കിൽ അന്നുതന്നെ മകന്റെ സിനിമാ ജീവിതം അവസാനിച്ചേനെ… പിന്നീട് “മട്ടാഞ്ചേരി ലോബി”യോടൊപ്പം തന്നെ ചേർന്ന് സിനിമാ മേഖലയിൽ മകൻ നടത്താൻ ശ്രമിക്കുന്ന പച്ച വിപ്ലവത്തിന്, നയവഞ്ചകന്റെ എല്ലാ മെയ് വഴക്കവും ഉണ്ട്. വർത്തമാന കേരളം കണ്ടു കൊണ്ടിരിക്കുന്നതും എമ്പുരാന്റെ റിലീസിന് ശേഷം ചർച്ചയാകുന്നതും അതുകൊണ്ടാണ്.
അമ്മ അന്ന് സംസാരിച്ച ഒരാൾ എല്ലാം മുകളിലിരുന്ന് കാണുന്നുണ്ട് എന്നും ബാക്കിയുള്ളവർ ഇതേ പ്രസ്ഥാനത്തിൽ ഉണ്ടെന്നും ഓർമ്മപെടുത്തുന്നു..
കെ. ഷിജിൽ
മുൻ സെൻസർ ബോർഡ് മെമ്പർ