മൂന്ന് സെക്കൻഡുകൾ കൊണ്ട് മൂന്ന് രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുമോ? പെട്ടെന്ന് കേൾക്കുമ്പോൾ അസാധ്യമെന്ന് തോന്നുമെങ്കിലും അത് സാധ്യമാണ്. ഇത് വ്യക്തമാക്കുന്ന ഒരു വൈറൽ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
ജർമനി, നെതർലാൻഡ്സ്, ബെൽജിയം എന്നീ രാജ്യങ്ങൾ ഏതാനും സെക്കൻഡുകൾ കൊണ്ട് സന്ദർശിക്കുന്ന യുവതിയാണ് വീഡിയോയിലുള്ളത്. മൂന്ന് രാജ്യങ്ങൾ ഒറ്റയടിക്ക് സന്ദർശിക്കാൻ ആഷെൻ എന്ന നഗരത്തിലാണ് യുവതി എത്തിയിരിക്കുന്നതെന്ന് വീഡിയോയിൽ കാണാം.
മൂന്ന് രാജ്യങ്ങൾ ഒരേസമയം സന്ദർശിക്കാൻ ആഷെൻ (Aachen) എന്ന നഗരം സഹായിക്കുന്നു. മൂന്ന് രാജ്യങ്ങളും അതിർത്തി പങ്കിടുന്ന മേഖലയാണ് ആഷെൻ. ജർമനിയും ബെൽജിയവും നെതർലാൻഡ്സും ഒരു ‘കാലടി’യുടെ വ്യത്യാസത്തിലാണ് ഇവിടെ സ്ഥിതിചെയ്യുന്നത്.
ആഷെനിലേക്ക് എത്തിച്ചേരാൻ നെതർലാൻഡ്സ് വഴിയാണ് വരേണ്ടത്. നെതർലാൻഡിലെ വാൽസർബെർഗ് കുന്ന് കയറിവേണം ഇവിടേക്കെത്താൻ. ട്രീ-കൺട്രി ബോർഡർ അഥവാ ട്രൈപോയിന്റ് എന്നാണ് ഇവിടം അറിയപ്പെടുന്നത്.