മോസ്കോ: റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ് പടർന്നു പിടിക്കുന്നതായി റിപ്പോർട്ടുകൾ. ആഴ്ചകളോളം നീണ്ടു നിൽക്കുന്ന കടുത്ത പനിയും രക്തം ചുമച്ചു തുപ്പുന്നതുമാണ് രോഗലക്ഷണങ്ങളെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നേരിയ പനി, ശരീരവേദന പോലുള്ള ലക്ഷണങ്ങളോടെയാണ് രോഗത്തിന്റെ തുടക്കം. എന്നാൽ മൂന്നോ നാലോ ദിവസമാകുന്നതോടെ കടുത്ത പനി, രക്തം കലർന്ന ചുമ എന്നിവ മൂലം സ്ഥിതി ഗുരുതരമാകും. കോവിഡ് ബാധയാണെന്ന സംശയത്തെ തുടർന്ന് കോവിഡ് 19, ഇൻഫ്ലുവൻസ പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ഫലമാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ടെലിഗ്രാം ചാനലായ ഷോട്ടിൽ മാർച്ച് 29-നാണ് “അജ്ഞാത വൈറസിനെ”ക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. റഷ്യൻ നഗരങ്ങളിലാണ് രോഗബാധയെന്നും രോഗികൾക്ക് ആഴ്ചകളോളം നീണ്ടുനിന്ന കടുത്ത പനി, ശരീരവേദന, രക്തം കലർന്ന കഠിനമായ ചുമ എന്നിവയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ച നിരവധി കേസുകൾ വിവിധ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ഷോട്ടിന്റെ ലേഖനത്തിൽ പറയുന്നു.
എന്നാൽ പുതിയ വൈറസ് ബാധ കണ്ടെത്തിയിട്ടില്ലെന്നും പകർച്ചവ്യാധി നിയന്ത്രണത്തിലാണെന്നും റഷ്യൻ ആരോഗ്യ ഏജൻസി അറിയിച്ചു. റഷ്യയിൽ കോവിഡ് മൂലം 3.9 ലക്ഷം ആളുകളാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ 8.2 ലക്ഷം പേർക്ക് ജീവൻ നഷ്ടമായെന്നാണ് റഷ്യൻ ഫെഡറൽ സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്സ് സർവീസിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.















