ഭോപ്പാൽ: മധ്യപ്രദേശിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ഇരുവരും സ്ത്രീകളാണ്. മധ്യപ്രദേശിലെ മണ്ഡ്ല ജില്ലയിൽ ബുധനാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. ബിച്ചിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഡിജിപി കൈലാഷ് മക്വാന അറിയിച്ചു.
ഒരു SLR റൈഫിൾ, ഓർഡിനറി റൈഫിൾ, വയർലെസ് സെറ്റ്, ദൈനംദിന പ്രവർത്തനങ്ങൾക്കായുള്ള മറ്റുവസ്തുക്കൾ എന്നിവ മാവോയിസ്റ്റുകളിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഛത്തീസ്ഗഡിൽ 16 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു. സുക്മ-ദന്തേവാഡ അതിർത്തിയിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്.
രാജ്യത്തെ മാവോയിസ്റ്റ് മുക്തമാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി നക്സൽ ശക്തികേന്ദ്രങ്ങളിൽ സുരക്ഷാസേനയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തുടരുകയാണ്. ഇതിനിടെ നിരവധി നക്സലുകൾ ആയുധം ഉപേക്ഷിച്ച് പൊലീസിന് മുൻപിൽ കീഴടങ്ങുകയും മുഖ്യധാരയിലേക്ക് കടന്നുവരാൻ തയ്യാറാവുകയും ചെയ്യുന്നവെന്നത് ശ്രദ്ധേയമാണ്.